അഹമ്മദാബാദ്: അവസാന പന്തുവരെ നീണ്ട ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഐപിഎല്‍ കിരീടം. 15-ാം ഓവറിലെ അവസാന പന്തില്‍ ജയിക്കാന്‍ നാലു റണ്‍സ് വേണമെന്നിരിക്കെ, മോഹിത് ശര്‍മയെറിഞ്ഞ പന്ത് ഫോറടിച്ച് അഹമ്മദാബാദില്‍ സിഎസ്‌കെയുടെ വിജയമുറപ്പിച്ചത് രവീന്ദ്ര ജഡേജയാണ്. ടൈറ്റന്‍സിനെതിരായ വിജയം അഞ്ച് വിക്കറ്റുകള്‍ക്ക്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അഞ്ചാം ഐപിഎല്‍ കിരീടനേട്ടമാണിത്. ഇതോടെ ഐപിഎല്‍ കിരീടങ്ങളില്‍ ചെന്നൈ മുംബൈ ഇന്ത്യന്‍സിനൊപ്പമെത്തി.
25 പന്തില്‍ 47 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയാണു ചെന്നൈയുടെ ടോപ് സ്‌കോറര്‍. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ശിവം ദുബെ (21 പന്തില്‍ 32), രവീന്ദ്ര ജഡേജ (ആറു പന്തില്‍ 15) എന്നിവരുടെ പോരാട്ടവും നിര്‍ണായകമായി. മറുപടി ബാറ്റിങ്ങില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് മൂന്നാം പന്തു നേരിട്ടതിനു പിന്നാലെയാണു മഴയെത്തിയത്. രണ്ട് മണിക്കൂറിനും 20 മിനിറ്റിനും ശേഷം വീണ്ടും കളി തുടങ്ങി. മഴ നിയമപ്രകാരം ചെന്നൈയുടെ വിജയലക്ഷ്യം 15 ഓവറില്‍ 171 റണ്‍സാക്കി. മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ ചെന്നൈയ്ക്കു നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 74 റണ്‍സിന്റെ കൂട്ടുകെട്ട് ഋതുരാജ് ഗെയ്ക്വാദും ഡെവോണ്‍ കോണ്‍വെയും ചേര്‍ന്ന്പടുത്തുയര്‍ത്തി. 16 പന്തുകളില്‍നിന്ന് 26 റണ്‍സെടുത്ത ഗെയ്ക്വാദ് നൂര്‍ അഹമ്മദിന്റെ പന്തില്‍ റാഷിദ് ഖാന്‍ ക്യാച്ചെടുത്താണു പുറത്തായത്. തൊട്ടുപിന്നാലെ ഡെവോണ്‍ കോണ്‍വെയെ പുറത്താക്കി നൂര്‍ അഹമ്മദ് വിക്കറ്റ് നേട്ടം രണ്ടാക്കി. 9.1 ഓവറിലാണ് ചെന്നൈ 100 കടന്നത്.
സ്‌കോര്‍ 117ല്‍ നില്‍ക്കെ അജിന്‍ക്യ രഹാനെയെ (13 പന്തില്‍ 27) മോഹിത് ശര്‍മ മടക്കി. മോഹിത്ത് എറിഞ്ഞ 13-ാം ഓവറില്‍ അംബാട്ടി റായുഡുവും (എട്ട് പന്തില്‍ 19), ക്യാപ്റ്റന്‍ എം.എസ്. ധോണിയും പുറത്തായതോടെ ചെന്നൈ സമ്മര്‍ദത്തിലായി. ധോണിയുടെ ബാറ്റിങ് കാണാനെത്തിയ ആരാധകരും നിരാശരായി. അവസാന ഓവറില്‍ ചെന്നൈയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത് 13 റണ്‍സായിരുന്നു. ആദ്യ പന്ത് ഡോട്ട് ബോളായെങ്കിലും, പിന്നീടുള്ള മൂന്നു പന്തുകളില്‍ ഓരോ റണ്‍സ് വീതം ചെന്നൈ നേടി. അഞ്ചാം പന്ത് സിക്‌സര്‍ പറത്തിയതോടെ ചെന്നൈ ഡഗ്ഔട്ട് ഉണര്‍ന്നു. മോഹിത് ശര്‍മയുടെ ലോ ഫുള്‍ ടോസ് ബൗണ്ടറി കടത്തി ജഡേജ ചെന്നൈയുടെ വിജയമുറപ്പിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 214 റണ്‍സ്. സെഞ്ചറി നഷ്ടമായ തമിഴ്‌നാടിന്റെ യുവതാരം സായ് സുദര്‍ശനാണ് ഗുജറാത്തിനായി തിളങ്ങിയത്. 47 പന്തുകള്‍ നേരിട്ട സായ് സുദര്‍ശന്‍ 96 റണ്‍സെടുത്തു. 39 പന്തില്‍ 54 റണ്‍സെടുത്ത് പുറത്തായ ഓപ്പണര്‍ വൃദ്ധിമാന്‍ സാഹയും ഗുജറാത്തിനായി അര്‍ധസെഞ്ചറി നേടി.
ഗുജറാത്ത് ടൈറ്റന്‍സിന് ആദ്യ വിക്കറ്റ് നഷ്ടമായത് ഏഴാം ഓവറിലായിരുന്നു. പവര്‍പ്ലേയിലെ (ആറ് ഓവര്‍) പവര്‍ഫുള്‍ ഗെയിമിനു ശേഷം ഗുജറാത്തിന് നഷ്ടമായത് ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിനെ. ആദ്യ ഓവറില്‍ ഗുജറാത്തിന് നേടാന്‍ സാധിച്ചത് നാല് റണ്‍സ് മാത്രമായിരുന്നു. ഗുജറാത്ത് ബൗണ്ടറികള്‍ കണ്ടെത്തിയതോടെ സ്‌കോര്‍ ഉയര്‍ന്നു. ബാറ്റിങ് പവര്‍ പ്ലേയില്‍ അവര്‍ നേടിയത് 62 റണ്‍സ്. മികച്ച തുടക്കം മുതലാക്കാമെന്ന ടൈറ്റന്‍സിന്റെ മോഹം ചെന്നൈ ക്യാപ്റ്റന്‍ ധോണിയും ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും ചേര്‍ന്നു തകര്‍ത്തു. ജഡേജയുടെ പന്ത് നേരിടാന്‍ ഗില്ലിന് സാധിക്കാതെ പോയതോടെ ധോണി സ്റ്റംപ് ചെയ്തു. സാഹയും സായ് സുദര്‍ശനും തകര്‍ത്തടിച്ചതോടെ 11.1 ഓവറില്‍ ഗുജറാത്ത് 100 കടന്നു. സ്‌കോര്‍ 131 ല്‍ നില്‍ക്കെ ധോണി ക്യാച്ചെടുത്ത് സാഹ മടങ്ങി.
മൂന്നാമനായിറങ്ങിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ പിന്തുണയേകി നിലയുറപ്പിച്ചപ്പോള്‍ വെടിക്കെട്ടിന്റെ ഉത്തരവാദിത്തം സായ് സുദര്‍ശന്‍ ഏറ്റെടുത്തു. 15.4 (94 പന്ത്) ഓവറില്‍ ടൈറ്റന്‍സ് 150 പിന്നിട്ടു. സെഞ്ചറിയിലേക്കു കുതിച്ച സായ് സുദര്‍ശന് മതീഷ പതിരാന എറിഞ്ഞ 20 ഓവറിലാണ് അടിപിഴിച്ചത്. ആറ് സിക്‌സും എട്ട് ഫോറുകളും പറത്തിയ സുദര്‍ശന്‍ ബാറ്റിങ് തീരാന്‍ മൂന്ന് പന്തുകള്‍ മാത്രം ബാക്കി നില്‍ക്കെ എല്‍ബി ആയി. ക്യാപ്റ്റന്‍ ഹാര്‍ദിക് ഡിആര്‍എസിനു പോയെങ്കിലും ഫലം കണ്ടില്ല. 12 പന്തില്‍ 21 റണ്‍സെടുത്ത് ഹാര്‍ദിക് പാണ്ഡ്യ പുറത്താകാതെ നിന്നു. റാഷിദ് ഖാന് റണ്ണൊന്നും നേടാന്‍ സാധിച്ചില്ല. ചെന്നൈയ്ക്കായി മതീഷ പതിരാന രണ്ടു വിക്കറ്റും ദീപക് ചാഹര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.