ന്യൂഡല്‍ഹി: ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍-3 അവസാന ഘട്ട തയ്യാറെടുപ്പിലേക്ക്. റോക്കറ്റിന്റെ സംയോജനം പൂര്‍ത്തിയാക്കി വിക്ഷേപണ വാഹനം ഘടിപ്പിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. ഇന്ത്യയുടെ ഏറ്റവും വലിയ റോക്കറ്റായ ജിഎസ്എല്‍വി മാര്‍ക്ക്-3 ലോഞ്ച് വെഹിക്കിള്‍ ഉപയോഗിച്ച് ചന്ദ്രയാന്‍ -3 വിക്ഷേപിക്കാനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. ജൂലൈ 13 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പുകളാണ് നടന്നുവരുന്നത്.
ഒരു ലാന്‍ഡര്‍ മൊഡ്യൂള്‍, പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍,ഒരു റോവര്‍ എന്നിവ അടങ്ങിയതാണ് ചാന്ദ്രയാന്‍-3. ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ മൂന്നാമത്തെ ദൗത്യമാണ് ഇത്. ചന്ദ്രയാന്‍ -2 ദൗത്യം ഭാഗികമായി പരാജയപ്പെട്ടിരുന്നു. ചന്ദ്രയാന്‍ -2 ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനില്‍ ലാന്‍ഡര്‍ ഇറക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. നാല് വര്‍ഷത്തിന് ശേഷമാണ് വീണ്ടുമൊരു ചന്ദ്രയാന്‍ ദൗത്യത്തിന് ഐഎസ്ആര്‍ഒ ഒരുങ്ങുന്നത്. ചന്ദ്രയാന്‍ -3 ദൗത്യത്തിന്റെ വിജയസാധ്യതയെക്കുറിച്ച് ശുഭാപ്തി വിശ്വാസത്തിലാണ് ഐഎസ്ആര്‍ഒ.
ചന്ദ്രനെക്കുറിച്ചുള്ള ഇന്ത്യയുടെ പഠനം ചന്ദ്രയാന്‍-3 ന്റെ വിക്ഷേപണത്തോടെ കൂടുതല്‍ സമ്പന്നമാകും എന്ന് ഐഎസ്ആര്‍ഒ അവകാശപ്പെടുന്നു. ചന്ദ്രോപരിതലത്തിലുള്ള രാസ, പ്രകൃതി മൂലകങ്ങള്‍, മണ്ണ്, ജലം എന്നിവയുടെ പര്യവേഷണമാണ് 615 കോടി രൂപ ചിലവുള്ള ദൗത്യം കൊണ്ട് ലക്ഷ്യമിടുന്നത്.