തിരുവനന്തപുരം: നഗരത്തില്‍ 2008 മുതല്‍ പൊലീസ് സ്ഥാപിച്ച ക്യാമറകള്‍ നാളുകളായി പ്രവര്‍ത്തന രഹിതമാണ്. നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലായി 147 നിരീക്ഷണ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ പകുതിയിലേറെയും പ്രവര്‍ത്തന രഹിതമാണ്. തിരുവനന്തപുരം നഗരത്തിന് ഇപ്പോള്‍ ഈ ക്യാമറ നിരീക്ഷണത്തിന്റെ സുരക്ഷിതത്വം ഇല്ല.
കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പൊലീസിന്റെ ഒരു പ്രധാന സഹായിയായിരുന്നു ക്യാമറകള്‍. ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച ക്യാമറകള്‍ക്കാണ് ഈ ഗതി. സമീപ ദിവസങ്ങളില്‍ ഉണ്ടായ മോഷണ കേസുകളില്‍ പ്രതിയെ കണ്ടെത്താന്‍ പൊലീസ് വലഞ്ഞത് ക്യാമറകളുടെ പരിതാപ സ്ഥിതി കാരണമാണ്. മരച്ചില്ലകള്‍ പൊട്ടിവീഴുന്നതും, വാഹനാപകടം ഉണ്ടാവുന്നതും റോഡ് വെട്ടി പൊളിക്കുന്നതുമാണ് തകരാറിന് കാരണമെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്.
പരിഹാരത്തിനായി ആനുവല്‍ മെയിന്റനന്‍സ് കോണ്‍ട്രാക്ട് നല്‍കിയെങ്കിലും ഇത് വരെ നടപടി ഉണ്ടായില്ലെന്നാണ് പൊലീസ് പറയുന്നത്. അത്യവശ്യമായി വന്നാല്‍ അഡ്ജസ്റ്റ് ചെയ്യുന്നത് സ്മാര്‍ട്ട്‌സിറ്റി പദ്ധതി വഴി ക്യാമറകള്‍ വച്ചുകൊണ്ടാണ്. നിരീക്ഷണ ക്യാമറകളുടെ തകരാറ് പരിഹരിക്കാത്തത് പൊലീസിന്റെ കടുത്ത അനാസ്ഥയാണെന്നാണ് ആരോപണം ഉയരുന്നത്.