ഹൈദരാബാദ്: തെലങ്കാനയില്‍ 6,100 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തിന്റെ വ്യാവസായിക, വിനോദസഞ്ചാര മേഖലകള്‍ക്ക് ഗുണകരമായ പദ്ധതികളാണ് ഇവയെന്ന് മോദി അഭിപ്രായപ്പെട്ടു. ഇതിനു പുറമെ തെലങ്കാനയിലെ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും ഈ പദ്ധതികള്‍ പ്രയോജനപ്പെടുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭദ്രകാളി ക്ഷേത്രത്തില്‍ പൂജയില്‍ പങ്കെടുത്ത മോദി, പിന്നീട് വാറംഗലില്‍ പൊതുസമ്മേളനത്തിലും സംബന്ധിച്ചു.
ചേര്‍ന്നു കിടക്കുന്ന എല്ലാ വ്യവസായ ഇടനാഴികളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു കേന്ദ്രമായി തെലങ്കാന മാറുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ലോകം ഒന്നാകെ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
തെലങ്കാന മുഖ്യമന്ത്രി കെ.സി.രാമറാവുവിനെതിരെ മോദി കടുത്ത വിമര്‍ശനം ഉന്നയിച്ചു. ”തെലങ്കാനയെ അഴിമതിയിലേക്ക് തള്ളിവിടുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. അഴിമതിയാരോപണത്തിന്റെ കറ പുരളാത്ത ഒരു പദ്ധതി പോലും നിലവില്‍ തെലങ്കാനയിലില്ല. കുടുംബാധിപത്യമുള്ള പാര്‍ട്ടികളെല്ലാം വേരൂന്നുന്നത് അഴിമതിയിലാണ്. കോണ്‍ഗ്രസിന്റെ അഴിമതി രാജ്യമാകെ കണ്ടതാണ്. ബിആര്‍എസിന്റെ അഴിമതിയുടെ വ്യാപ്തി തെലങ്കാന കണ്ടുകൊണ്ടിരിക്കുന്നു. ബിആര്‍എസും കോണ്‍ഗ്രസും തെലങ്കാനയിലെ ജനങ്ങള്‍ക്ക് ആപത്താണ്. ഒരു കുടുംബത്തെ മാത്രം കേന്ദ്രീകരിച്ചുള്ള ഭരണമാണ് തെലങ്കാനയില്‍ സര്‍ക്കാര്‍ നടത്തുന്നത്.’ – മോദി ആരോപിച്ചു.
തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, കേന്ദ്ര ടൂറിസം മന്ത്രിയും തെലങ്കാനയിലെ നിയുക്ത ബിജെപി അധ്യക്ഷനുമായ ജി.കിഷന്‍ റെഡ്ഡി, ബിജെപി എംപി ബന്‍ഡി സഞ്ജയ് കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.