ലണ്ടന്‍: ബ്രിട്ടിഷ് എയര്‍വേസ് വിമാനം പ്രതികൂല കാലാവസ്ഥയില്‍ കുലുങ്ങി വിമാന ജീവനക്കാരന് പരുക്ക്. സിംഗപ്പുരില്‍നിന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് പറന്ന വിമാനമാണ് ബംഗാള്‍ ഉള്‍ക്കടലിനു 30,000 അടി മുകളില്‍വച്ച് ആകാശച്ചുഴിയില്‍പ്പെട്ട് കുലുങ്ങിയത്. അപകടത്തില്‍ അഞ്ച് വിമാന ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. അപകടത്തില്‍ കാലിനു ഗുരുതരമായി പരിക്കേറ്റ ജീവനക്കാരനെയാണ് ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയത്. മറ്റൊരാളുടെ കാല്‍ക്കുഴ തെറ്റിയതായും ‘സൗത്ത് ചൈന മോണിങ് പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്തു.
വ്യാഴാഴ്ച രാത്രി 11.16നാണ് വിമാനം സിംഗപ്പുരിലെ ചാംഗി വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നത്. വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ ആറിനാണ് വിമാനം ഹീത്രൂ വിമാനത്താവളത്തില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ യാത്രാമധ്യേ ആകാശച്ചുഴിയില്‍പ്പെട്ട് വിമാനം വന്‍തോതില്‍ കുലുങ്ങിയതോടെ വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെ സിംഗപ്പുരില്‍ തന്നെ ഇറക്കുകയായിരുന്നു. ഏതാണ്ട് മൂന്നു മണിക്കൂറോളം സമയം വിമാനം ആകാശത്ത് ചുറ്റിക്കറങ്ങിയതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബ്രിട്ടിഷ് എയര്‍വേസ് എക്കാലവും സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന്, അപകടത്തിനു പിന്നാലെ അവരുടെ വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. മുന്‍കരുതലെന്ന നിലയ്ക്കാണ് വിമാനം സിംഗപ്പുരില്‍ത്തന്നെ ഇറക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തെ തുടര്‍ന്ന് വിമാനം വൈകിയതില്‍ യാത്രക്കാരോട് ക്ഷമാപണം നടത്തി. തിരിച്ചിറങ്ങിയ യാത്രക്കാര്‍ക്കെല്ലാം ഹോട്ടലില്‍ താമസം ഒരുക്കി. യാത്രക്കാരുടെ അവകാശങ്ങളെക്കുറിച്ചും അവരെ ബോധ്യപ്പെടുത്തി. ബ്രിട്ടിഷ് എയര്‍വേസിന്റെയും മറ്റു കമ്പനികളുടെയും വിമാനങ്ങളില്‍ യാത്രക്കാരെ എത്തിക്കാന്‍ നടപടി സ്വീകരിച്ചു വരികയാണെന്നും വക്താവ് വ്യക്തമാക്കി.