ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തില്‍ എത്തിയിട്ട് ഒന്‍പത് വര്‍ഷങ്ങള്‍ പിന്നിട്ടതിന്റെ ആഘോഷങ്ങള്‍ വിപുലമാക്കാനൊരുങ്ങി ബിജെപി പ്രവര്‍ത്തകര്‍. രാജ്യമൊട്ടാകെ ഒരുമാസക്കാലം നീണ്ടു നില്‍ക്കുന്നജനസമ്പര്‍ക്കമുള്‍പ്പെടെയുള്ള ആഘോഷ പരിപാടികളാണ് ഓരോ ലോകസഭമണ്ഡലങ്ങളിലും ബിജെപി സംഘടിപ്പിക്കുന്നത്.
മെയ് 30 മുതല്‍ ജൂണ്‍ 30 വരെയാണ് വിവിധ ആഘോഷ പരിപാടികള്‍ നടത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളും നേട്ടങ്ങളും ജനങ്ങളിലേയ്ക്ക് എത്തിക്കുകയെന്നതാണ് ആഘോഷത്തിന്റെ മുഖ്യലക്ഷ്യം. മെയ് 30-ന് പ്രധാനമന്ത്രി നരേന്ദ്രമോദി മഹാറാലിയ്ക്ക് നേതൃത്വം നല്‍കുന്നതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് രാജ്യമൊട്ടാകെ ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നിരവധി റാലികള്‍ സംഘടിപ്പിക്കും. ബിജെപി മുഖ്യമന്ത്രിമാരും പ്രമുഖ നേതാക്കളും എംപിമാരും എംഎല്‍എമാരടക്കമുള്ളവര്‍ യോഗങ്ങളില്‍ ജനങ്ങളുമായി പ്രധാനമന്ത്രി സംവദിക്കും. കൂടാതെ, കായികതാരങ്ങള്‍, വ്യവസായികള്‍ ,വീരജവാന്‍മാരുടെ കുടുംബങ്ങള്‍ എന്നിവരുമായി പ്രധാനമന്ത്രി സംവാദത്തിലേര്‍പ്പെടും.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ഗുണഭോക്താക്കളുടെ യോഗവും യോഗാദിനാചരണവും നടക്കും. ശ്യാമപ്രസാദ് മുഖര്‍ജിയുടെ സ്മൃതി ദിനത്തില്‍ 10 ലക്ഷം ബൂത്തുകളില്‍ പ്രവര്‍ത്തകരുമായി പ്രധാനമന്ത്രി സംവദിക്കും. ഒന്‍പത് വര്‍ഷം തികയുന്നതിന്റെ ഭാഗമായി വീടുകള്‍ തോറും ക്യാമ്പെയിനുകളും സംഘടിപ്പിക്കുന്നുണ്ട്. ഇതിനോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തയാറെടുക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.