ന്യൂഡല്‍ഹി: ബിജെപി ഭരണത്തില്‍ രാഷ്പത്രിക്ക് വേണ്ടത്ര ബഹുമാനം നല്‍കുന്നില്ലെന്ന ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ രംഗത്ത്. രാഷ്ട്രപതിയെ നോക്കുകുത്തിയാക്കുന്ന സമീപനമാണ് ബിജെപി സര്‍ക്കാരിന്റേതെന്ന് ഖര്‍ഗെ കുറ്റപ്പെടുത്തി. ദലിത് വിഭാഗത്തില്‍പ്പെട്ട രാഷ്ട്രപതിയെ തിരഞ്ഞെടുപ്പ് നേട്ടത്തിനായി മാത്രമാണ് ബിജെപി ഉപയോഗിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതിക്കു പകരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ഖര്‍ഗെയുടെ പ്രതികരണം.
”പുതിയ പാര്‍ലമെന്റ് മന്ദിരം യഥാര്‍ഥത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് ഉദ്ഘാടനം ചെയ്യേണ്ടത്. സഭകളുടെ നാഥന്‍ രാഷ്ട്രപതിയാണ്. അവരാണ് പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത്. ദലിത് വിഭാഗത്തില്‍ നിന്നുള്ള രാഷ്ട്രപതിയെ തിരഞ്ഞെടുപ്പ് നേട്ടത്തിനായി മാത്രം ബിജെപി ഉപയോഗിക്കുകയാണ്.” – മല്ലികാര്‍ജുന്‍ ഖര്‍ഗെ കുറ്റപ്പെടുത്തി. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിന് അന്നത്തെ രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ ക്ഷണിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ ഖര്‍ഗെ, പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതിയെയും ക്ഷണിച്ചിട്ടില്ലെന്ന് ആരോപിച്ചു.
ഈ മാസം 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വിമര്‍ശനം. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെ വിമര്‍ശിച്ചിരുന്നു. സമാന അഭിപ്രായവുമായി വിവിധ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളും രംഗത്തെത്തിയിരുന്നു.
2020 ഡിസംബറില്‍ നരേന്ദ്ര മോദിയാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിട്ടത്. സെന്‍ട്രല്‍ വിസ്റ്റ പദ്ധതിയുടെ ഭാഗമായാണിത്. 970 കോടി രൂപ ചെലവില്‍ നിര്‍മിച്ച നാലു നില കെട്ടിടത്തില്‍ 1224 എംപിമാരെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യ പൈതൃകം പ്രദര്‍ശിപ്പിക്കുന്നതിനായി നിര്‍മിച്ച ഭരണഘടനാ ഹാള്‍ ആണ് മറ്റൊരു ആകര്‍ഷണം. ഇന്ത്യന്‍ ഭരണഘടനയുടെ പകര്‍പ്പ് ഹാളില്‍ സൂക്ഷിച്ചിട്ടുണ്ട്.