ഇരിഞ്ഞാലക്കുട: ക്രിസ്ത്യാനികൾക്ക് പാക്കിസ്ഥാൻ നൽകുന്ന പരിഗണന ബിജെപി മാതൃകയാക്കണമെന്ന് ഇരിഞ്ഞാലക്കുട രൂപത. സീറോ മലബാർ സഭയുടെ ഭാഗമായ ഇരിഞ്ഞാലക്കുട രൂപതയുടെ മുഖപത്രമായ കേരളസഭയുടെ മുഖപ്രസംഗത്തിലാണ് നിർദേശം.പാക്കിസ്ഥാൻ സർക്കാർ അവിടത്തെ ക്രിസ്ത്യാനികൾക്ക് നൽകുന്ന പരിഗണന മാതൃകാപരമാണ്. അക്കാര്യം ഇന്ത്യൻ സർക്കാരും പിന്തുടരണം. മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് മുഖപ്രസംഗം. ഖുർആനെ നിന്ദിച്ചു എന്ന വ്യാജ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ആഗസ്റ്റ് 16ന് പാകിസ്ഥാനിലെ ജരൻവാലയിൽ 21 ക്രൈസ്തവ ദേവാലയങ്ങളും നൂറോളം വീടുകളും വർഗീയവാദികൾ തകർത്തിരുന്നു. പാകിസ്ഥാൻ കാവൽ പ്രധാനമന്ത്രിയായ അൻവർ ഉൽ ഹഖ് കക്കർ അക്രമത്തെ തള്ളിപ്പറയുകയും സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. പക്ഷെ ഇന്ത്യയിൽ കലാപം നടന്ന മണിപ്പൂർ സന്ദർശിക്കാൻ പ്രധാനമന്ത്രി ഇത് വരെ തയ്യാറായിട്ടില്ല.മാർ പോളി കണ്ണൂക്കാടനാണ് ഇരിഞ്ഞാലക്കുട രൂപത മെത്രാൻ. മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തിൽ തകർന്ന് പോയ കേരളത്തിലെ ക്രിസ്തിയ സഭകളുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഇതിന്റെ ഭാഗമായി ബിജെപി മുൻ രാജ്യസഭ എം.പി കൂടിയായ നടൻ സുരേഷ്ഗോപി കെ.സി.ബി.സി ആസ്ഥാനത്ത് എത്തി ബിഷപ്പുമാരുമായി കൂടിക്കാഴ്ച്ചയ്ക്ക് ശ്രമിച്ചിരുന്നു. ഇതിനിടയിലാണ് എതിർപ്പ് വ്യക്തമാക്കി ഇരിഞ്ഞാലക്കുട രൂപതയുടെ മുഖപ്രസംഗം പുറത്ത് വന്നിരിക്കുന്നത്.