മലയാള സിനിമയിൽ 30 വർഷങ്ങൾ പൂർത്തിയാക്കി ബിജു മേനോൻ. ചിരിപ്പിക്കുന്ന കഥാപാത്രങ്ങളാവട്ടെ, സൗമ്യനായ നായകനാവട്ടെ, ക്രൂരനായ വില്ലനാവട്ടെ, ഏതു കഥാപാത്രവുമാവട്ടെ അനായാസമായി അതിലേക്ക് പകർന്നാടാനുള്ള മികവാണ് ബിജു മേനോനെ മലയാളിക്ക് ഏറെ പ്രിയപ്പെട്ടവനാക്കിയത്.
1991ൽ ഈഗിൾ എന്ന ചിത്രത്തിൽ ഹോട്ടൽ റിസപ്ഷനിസ്റ്റ് ആയി മുഖം കാണിച്ചിട്ടുണ്ടെങ്കിലും 1994ൽ പുറത്തിറങ്ങിയ പുത്രൻ എന്ന സിനിമയാണ് ബിജു മേനോന്റെ നടൻ എന്ന നിലയിലുള്ള ആദ്യ ചിത്രം. സച്ചി എന്ന അതുല്യ കലാകാരന്റെ ഒട്ടുമിക്ക സിനിമകളിലും ബിജു മേനോന് ഒരു വേഷമുണ്ടാകുമായിരുന്നു. അദ്ദേഹത്തിന്റെ അവസാന ചിത്രമായ അയ്യപ്പനും കോശിയിലെ അയ്യപ്പൻ നായർ എന്ന മുണ്ടൂർ മാടൻ മലയാളികൾ വലിയ രീതിയിൽ ഏറ്റെടുത്ത കഥാപാത്രമാണ്. ചിത്രത്തിലൂടെ ബിജു മേനോന് തന്റെ ആദ്യ ദേശീയ പുരസ്കാരവും ലഭിച്ചു.
ജൂഡ് അട്ടിപ്പേറ്റി സംവിധാനം ഈ ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി നായകനായി അഭിനയിച്ചത്. 1997 ലാണ് ബിജു മേനോനെ തേടി ആദ്യ സംസ്ഥാന പുരസ്കാരമെത്തുന്നത്, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന സിനിമയിലെ അഖിലചന്ദ്രനിലൂടെ. എല്ലാവരോടും വെറുപ്പ് ചോദിച്ചുവാങ്ങുന്ന, ഒടുവിൽ ചോദിക്കുക പോലും ചെയ്യാതെ എല്ലാവരുടെയും സഹതാപം നേടിയെടുക്കുന്ന കഥാപാത്രത്തിലൂടെ ഏറ്റവും മികച്ച രണ്ടാമത്തെ നടനുള്ള കേരള സർക്കാരിന്റെ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു. പത്രത്തിലെ ഫിറോസ് മുഹമ്മദിനെ പോലെ അതീവ ഗൗരവമേറിയ കഥാപാത്രങ്ങൾ, പ്രണയവർണ്ണങ്ങളിലെ വിക്ടറിനെ പോലെ നഷ്ടപ്രണയത്തിന്റെ പ്രതീകമായ കഥാപാത്രങ്ങൾ അങ്ങനെ വൈവിധ്യങ്ങളിലൂടെ ബിജു മേനോൻ വീണ്ടും സഞ്ചരിച്ചു. അതിനുശേഷം നിരവധി ചിത്രങ്ങൾ അദ്ദേഹത്തിന്റേതായി പിറന്നു. പത്രം, മധുരനൊമ്പരക്കാറ്റ്, മഴ, മേരിക്കുണ്ടൊരു കുഞ്ഞാട്, വെള്ളിമൂങ്ങ, ഓർഡിനറി, അയ്യപ്പനും കോശിയും തുടങ്ങി ബിജു മേനോൻ എന്ന നടനെ മലയാളിയുടെ മനസിൽ പതിപ്പിച്ച എത്രയെത്ര സിനിമകൾ. 2010 ന് ശേഷം സീനിയേഴ്സ്, ഓർഡിനറി, റോമൻസ്, മല്ലു സിംഗ് തുടങ്ങിയ സിനിമകളിലൂടെ ബിജു മേനോന്റെ കോമഡി ടൈമിങ്ങുകൾക്ക് പലയാവർത്തി മലയാളി കയ്യടിച്ചു. ഈ സമയം തന്നെ ചാക്കോച്ചൻ-ബിജു കോംബോ മലയാളത്തിന്റെ ഹിറ്റ് കോംബോയായും മാറി. 2014 ൽ ‘വെള്ളിമൂങ്ങ’യിലെ മാമച്ചനായി അദ്ദേഹം എത്തിയപ്പോൾ അത് മലയാളികൾക്ക് ഒരു ചിരിവിരുന്നായിരുന്നു.
ജിസ് ജോയ് സംവിധാനം ചെയ്യുന്ന തലവൻ ആണ് ബിജു മേനോന്റെ ഏറ്റവും പുതിയ ചിത്രം. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ നിർമിക്കുന്ന ചിത്രം ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം& പശ്ചാത്തലസംഗീതം – ദീപക് ദേവ്, ഛായാഗ്രഹണം – ശരൺ വേലായുധൻ. എഡിറ്റിംഗ് – സൂരജ് ഇ എസ്, കലാസംവിധാനം – അജയൻ മങ്ങാട്, സൗണ്ട് – രംഗനാഥ് രവി, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യൂം – ജിഷാദ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – സാഗർ, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് – ഫർഹാൻസ് പി ഫൈസൽ, അഭിജിത്ത് കെ എസ്, പ്രൊഡക്ഷൻ മാനേജർ – ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ – ആസാദ് കണ്ണാടിക്കൽ, പി ആർ ഒ – വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ.
Read More: ഇടുക്കിയിൽ നാശം വിതച്ച് കനത്ത മഴ; വീട് ഇടിഞ്ഞു വീണു, വീട്ടുകാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്