യുഎഇയിലെ കലാസാംസ്കാരിക ആത്മീയ രംഗങ്ങളിൽ സജീവ സാന്നിധ്യം; തൊടുപുഴയുടെ സ്വന്തം എഴുത്തുകാരൻ വിടവാങ്ങി

അജ്മാൻ: എഴുത്തുകാരനും യുഎഇയിലെ കലാസാംസ്കാരിക ആത്മീയ രംഗങ്ങളിലെ സജീവസാന്നിധ്യവുമായിരുന്ന തൊടുപുഴ മലങ്കര എസ്‌റ്റേറ്റിലെ അശുപത്രി കവലയിലുള്ള മാമൂട്ടിൽ പാടിയിൽ ബിജു ജോസഫ് കുന്നുംപുറം (52) അന്തരിച്ചു. ഫെബ്രുവരി 6ന് മസ്തിഷ്കാഘാതം സംഭവിച്ചതിനെ തുടർന്ന് അജ്മാനിലെ ഷെയ്ഖ് ഖലീഫ ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലായിരുന്നു. കഴിഞ്ഞ പത്ത് ദിവസങ്ങളിലായി വെന്റിലേറ്ററിൽ തുടർന്ന ബിജു ജോസഫിന്റെ മരണം കഴിഞ്ഞദിവസം ഡോക്ടർമാർ സ്ഥിരീകരിച്ചു. മരണശേഷം തന്റെ അവയവങ്ങൾ ദാനം ചെയ്യണമെന്ന ബിജുവിന്റെ ആഗ്രഹപ്രകാരം അതിനുള്ള നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.