സിദ്ദിഖിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടന്‍ മോഹന്‍ലാല്‍. സിദ്ദിഖിന്റെ വിയോഗം വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് പ്രിയപ്പെട്ടവനായി തീര്‍ന്ന സിദ്ദിഖ്, അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞതിലുള്ള വിഷമം പറഞ്ഞറിയിക്കാന്‍ വയ്യെന്നും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. സിനിമയിലും ജീവിതത്തിലും അക്ഷരാര്‍ഥത്തില്‍ എനിക്ക് ഒരു ബിഗ്ബ്രദര്‍ തന്നെയായിരുന്നു സിദ്ദിഖ്. വേദനയോടെ ആദരാഞ്ജലികള്‍ എന്നായിരുന്നു മോഹന്‍ലാല്‍ കുറിച്ചത്.
സിദ്ദിഖ് നമ്മളെ ഒരുപാട് ചിരിപ്പിച്ചു, കണ്ണ് നനയിപ്പിച്ചു, പ്രതീക്ഷകള്‍ നഷ്ടപ്പെടുത്തരുതെന്ന് ഓര്‍മ്മിപ്പിച്ചു, ഉയരങ്ങളില്‍ എത്തിപ്പെടാന്‍ സ്വന്തം ജീവിതത്തിലൂടെ മാതൃക കാണിച്ചു. പെരുമാറ്റത്തിലും സൗമ്യത പുലര്‍ത്തി, ആരോടും ശത്രുത കാണിക്കാതെ, ആഡംബരങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി ഒരു സാധാരണ മനുഷ്യനായാണ് സിദ്ദിഖ് ജീവിച്ചതെന്നും മോഹന്‍ലാല്‍ ഓര്‍മിച്ചു. അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ആദ്യചിത്രം നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് മുതല്‍ അവസാന ചിത്രമായ ബിഗ്ബ്രദറില്‍ വരെ അഭിനയിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചുവെന്നും മോഹന്‍ലാല്‍ കുറിച്ചു.