തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഓണക്കാലം കെങ്കേമമാക്കാന്‍ സര്‍ക്കാരിനെ സഹായിച്ച് ബെവ്കൊ. ആദായ നികുതി വകുപ്പിന്റെ നിയമ കുരുക്കില്‍പ്പെട്ട 1100 കോടിയോളം രൂപയാണ് ദീര്‍ഘകാല നിയമപോരാട്ടത്തിനൊടുവില്‍ അപ്രതീക്ഷിതമായി സര്‍ക്കാര്‍ ഖജനാവിലെത്തിയത്. ബീവറേജസ് കോര്‍പ്പറേഷന്‍ എം ഡി യോഗേഷ് ഗുപ്തയുടെ നിര്‍ണായക ഇടപെടലാണ് ഇതിന് വഴിയൊരുക്കിയത്. യോഗേഷ് ഗുപ്തയെ പ്രശംസിച്ച് എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.
വരുമാന കണക്കുകളില്‍ കൃത്രിമം ആരോപിച്ച് 2019 ല്‍ ആദായ നികുതി വകുപ്പ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടിയിലൂടെയാണ് തുടക്കം. ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്ന് 1015 കോടി രൂപയാണ് നികുതിയായി വകുപ്പ് ഈടാക്കിയത്. ഇതോടെ മദ്യ കമ്പനികള്‍ക്ക് പണം നല്‍കുന്നതുള്‍പ്പെടെ ബെവ്‌കോയുടെ പല ഇടപാടുകളും താറുമാറായി.
2020-21 ല്‍ 248 കോടിയായിരുന്നു ബെവ്‌കോയുടെ നഷ്ടം. അപ്പോഴാണ് കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് ബെവ്‌കോ ചെയര്‍മാനും എം ഡി യുമായി എഡിജിപി യോഗേഷ് ഗുപ്ത ചുമതലയേല്‍ക്കുന്നത്. ചുമതലയേറ്റ ആദ്യ വര്‍ഷം 2020-22ല്‍ ലാഭം ആറ് കോടി. കണക്കുകള്‍ കൃത്യമായി പരിശോധിച്ച് ശാസ്ത്രീയമായി ചിട്ടപ്പെടുത്തി. നീതി നിഷേധത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. ബെവ്‌കോയെ കേള്‍ക്കാന്‍ അവസരം ഒരുങ്ങി. വാദങ്ങള്‍ പരിഗണിച്ചു. സര്‍ ചാര്‍ജ്, ടേണ്‍ ഓവര്‍ എന്നിവ അംഗീകരിക്കണമെന്ന ആവശ്യവും പരിഗണിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.
പിടിച്ചെടുത്ത തുക പലിശ സഹിതം തിരിച്ചുനല്‍കാന്‍ ഉത്തരവിട്ടു. ഖജനാവിലേക്ക് പലിശ സഹിതം പണമെത്തി. പണം മൂന്നു ഗഡുക്കളായി നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. 734 കോടി രൂപയാണ് അക്കൗണ്ടിലെത്തിയത്. ബാക്കി പിന്നാലെ എത്തും. യാേഗേഷ് ഗുപ്തയുടെ മികവാണ് തുണയായതെന്ന് മന്ത്രി എം ബി രാജേഷ് ഉള്‍പ്പെടെ വ്യക്തമാക്കി കഴിഞ്ഞു.