ഇന്ത്യന്‍ വിപണിയില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് എന്നും വലിയ സ്വീകാര്യതയാണുള്ളത്. ഉയര്‍ന്ന ഇന്ധനക്ഷമതയെക്കുറിച്ച് മാത്രം ചിന്തിക്കുന്ന ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യത്തിലേറെ ഡീസല്‍ മോഡലുകളും വിവിധ നിര്‍മാതാക്കള്‍ ഇവിടെ നിര്‍മിച്ചു നല്‍കുന്നുണ്ട്. ഹാച്ച്ബാക്കുകളില്‍ നിന്നു സെഡാന്‍ മോഡലുകളില്‍ നിന്നുമെല്ലാം ഡീസല്‍ വകഭേദങ്ങള്‍ പതിയെ അപ്രത്യക്ഷമാകുന്നുമുണ്ട്. എങ്കിലും ഡീസല്‍ എസ്യുവികള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ഇന്നും ആവശ്യക്കാരുമുണ്ട്. നിലവില്‍ ഇന്ത്യന്‍ നിരത്തിലെ ഏറ്റവും മികച്ച ശരാശരി ഇന്ധനക്ഷമത നല്‍കുന്ന ഡീസല്‍ എസ്യുവികളെ പരിചയപ്പെടാം.
ഹ്യുണ്ടായ് വെന്യു
ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള 5 ഡീസല്‍ മോഡലുകളില്‍ ഒന്നാം സ്ഥാനം കൈയടക്കുന്നത് ഹ്യുണ്ടായ് വെന്യുവാണ്. ഡീസല്‍ വകഭേദത്തിന് ഓട്ടമാറ്റിക് മോഡല്‍ ലഭിക്കുന്നില്ല. മാനുവല്‍ വകഭേദം മാത്രമുള്ള വെന്യുവിന് അല്‍കാസര്‍, ക്രെറ്റ, സോണറ്റ് എന്നിവയിലെ അതേ 1.5 ലീറ്റര്‍ എന്‍ജിനാണ് കരുത്ത് പകരുന്നത്. ഒരു ലീറ്റര്‍ ഡീസല്‍ ഉപയോഗിച്ച് 23.7 കിലോമീറ്റര്‍ ദൂരം താണ്ടാമെന്ന് വെന്യു തെളിയിച്ചിട്ടുണ്ട്.
നെക്സോണ്‍ ജെറ്റ്
ഇന്ത്യന്‍ നിരത്തിലെ എതിരില്ലാത്ത കോംപാക്ട് എസ്യുവി വാഹനമായ നെക്സോണ്‍ രണ്ടാം സ്ഥാനത്താണ്. ആര്‍ഡിഇ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി ഒരു പാസീവ് സെലക്ടടിവ് കാറ്റലിറ്റിക് റിഡരക്ഷന്‍ സന്നാഹം നല്‍കിയതു വഴി മാനദണ്ഡങ്ങള്‍ പാലിക്കാനും ചെലവ് ലാഭിക്കുന്നതിനും നിര്‍മതാക്കള്‍ക്ക് സാധിച്ചിട്ടുണ്ട്. ടാറ്റയുടെ വലിയ എന്‍ജിനായ 2.0 ലീറ്റര്‍ യൂണിറ്റില്‍ നിന്നു വിഭിന്നമായി 1.5 ലീറ്റര്‍ എന്‍ജിനാണ് ടാറ്റ ഈ മോഡലിനു നല്‍കിയത്. 115 എച്ച്പി പരമാവധി കരുത്തും 260 എന്‍എം ടോര്‍ക്കുമുള്ള വാഹനത്തിന്റെ മാനുവല്‍ വകബേദത്തിന് 23.22 കിലോമീറ്ററും ഓട്ടമാറ്റിക് മോഡലിന് 24.07 കിലോമീറ്ററും ഇന്ധനക്ഷമത വാഗ്ദാനം ചെയ്യപ്പെടുന്നു.
കിയ സോണറ്റ്
കിയയുടെ കോംപാക്ട് എസ്യുവിയായി അറിയപ്പെടുന്ന സോണറ്റിനും ഇന്ധനക്ഷമതയില്‍ മികച്ച സ്ഥാനം തന്നെയാണുള്ളത്. 6 സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനും മാനുവലിനു പകരമായി ഐഎംടി ട്രാന്‍സ്മിഷനുമുള്ള 2 മോഡലുകള്‍ ഡീസല്‍ വകഭേദത്തിനുണ്ട്. 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിന് 115 എച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കുമാണ് ഉള്ളത്. മാനുവല്‍ വകഭേദത്തിന് 23.1 കിലോമീറ്റര്‍ ഇന്ധനക്ഷമതയും ഓട്ടമാറ്റിക് മോഡലില്‍ 19 കിലോമീറ്ററുകളും ലഭ്യമാകും. ശരാശരി 21 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഈ മോഡല്‍ വാഗ്ദാനം ചെയ്യുന്നത്.
മഹീന്ദ്ര എക്സ്യുവി 300
മിഡ്സൈസ് എസ്യുവി മോഡലുകളില്‍ മഹീന്ദ്രയുടെ സ്റ്റാര്‍ പ്ലെയറാണ് എക്സ്യുവി 300. 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ കരുത്ത് പകരുന്ന വാഹനത്തിന് 117 എച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കും ലഭിക്കുന്നുണ്ട്. രാജ്യാന്തര നിര്‍മാണ നിലവാരവും വാഹനത്തിലുണ്ട്. 6 സ്പീഡ് ഓട്ടമാറ്റിക് – മാനുവല്‍ വകഭേദങ്ങള്‍ വാഹനത്തിനുണ്ട്. മാനുവല്‍ മോഡലിന് 20 കിലോമീറ്ററാണ് ഇന്ധനക്ഷമത. 6 സ്പീഡ് ഓട്ടമേറ്റഡ് ട്രാന്‍സ്മിഷനുള്ള മോഡലിന്റെ ഇന്ധനക്ഷമത പുറത്തുവിട്ടിട്ടില്ല.
കിയ സെല്‍ടോസ്
കൊറിയന്‍ വാഹനനിര്‍മാതാക്കളായ കിയയുടെ ഏറ്റവുമധികം ആരാധകരുള്ള മോഡലാണ് സെല്‍ടോസ്. 2019ല്‍ ഇന്ത്യന്‍ വിപണിയില്‍ രംഗപ്രവേശനം നടത്തിയ ഈ മോഡലിന് വളരെ പെട്ടെന്നു തന്നെ വിപണിയില്‍ സ്വീകാര്യത നേടാനായി. ഇപ്പോള്‍ മുഖം മിനുക്കി എത്തിയതോടു കൂടി ആരാധകരെല്ലാം ഈ വാഹനത്തിനു പിന്നാലെയാണ്. ഹ്യുണ്ടായ് ക്രെറ്റ – അല്‍കാസര്‍ എന്നീ മോഡലുകളിലെ അതേ 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് സെല്‍റ്റോസിന്റെയും കരുത്ത്. 116 എച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കുമുള്ള വാഹനത്തിന് ശരാശരി ഇന്ധനക്ഷമത പറയുന്നത് 20 കിലോമീറ്ററാണ്. മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലില്‍ 20.7 കിലോമീറ്ററും ഓട്ടമാറ്റിക് മോഡലില്‍ 19.1 കിലോമീറ്ററും മൈലേജാണ് ലഭിക്കുന്നത്.