മുംബൈ/ന്യൂഡല്‍ഹി: അറബിക്കടലിനു മുകളിലായി രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ ‘ബിപോര്‍ജോയ്’ ഗുജറാത്ത് – പാക്കിസ്ഥാന്‍ അതിര്‍ത്തി ഭാഗത്തേക്കു നീങ്ങുകയാണെന്നു കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കുന്ന ചുഴലിക്കാറ്റായി ബിപോര്‍ജോയ് ജൂണ്‍ 15ന് ഉച്ചയോടെ സൗരാഷ്ട്ര, കച്ച്, മാന്‍ഡ്വി (ഗുജറാത്ത്), കറാച്ചി (പാക്കിസ്ഥാന്‍) എന്നിവടങ്ങളിലേക്ക് എത്തുമെന്നാണ് അറിയിപ്പ്. നിലവില്‍ പോര്‍ബന്തറില്‍നിന്ന് 340 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറായാണ് ചുഴലിക്കാറ്റ് നിലകൊള്ളുന്നത്.
ബിപോര്‍ജോയ് ചുഴലിക്കാറ്റ് വീശിയടിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഗുജറാത്തില്‍ അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സൗരാഷ്ട്രയിലും ഗുജറാത്തിലെ കച്ച് തീരത്തും കാലാവസ്ഥാ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഞായറാഴ്ച സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് സംസ്ഥാനത്തിന്റെ തീരദേശ ജില്ലകളിലെ തയാറെടുപ്പുകള്‍ വിലയിരുത്തി. ദുരിതബാധിത പ്രദേശത്തെ എല്ലാ ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി വിഡിയോ കോണ്‍ഫറന്‍സില്‍ സംസാരിച്ചു.
താനെ, മുംബൈ, പാല്‍ഘര്‍ എന്നിവിടങ്ങളില്‍ കാലാവസ്ഥാ വകുപ്പ് നേരത്തെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ജൂണ്‍ 14 വരെ തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. അതിനിടെ, അറബിക്കടലിലെ തീരദേശ നഗരമായ ഗുജറാത്തിലെ വല്‍സാദിലെ തിത്താല്‍ ബീച്ചില്‍ ശനിയാഴ്ച ഉയര്‍ന്ന തിരമാലകള്‍ കാണപ്പെട്ടു. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ തിത്താല്‍ ബീച്ചില്‍ ജൂണ്‍ 14 വരെ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി.
ബിപോര്‍ജോയ് ചുഴലിക്കാറ്റും മോശം കാലാവസ്ഥയും മുംബൈയിലെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ഞായറാഴ്ച വൈകിട്ട് ബാധിച്ചു. നഗരത്തില്‍ കനത്ത മഴയും ശക്തമായ കാറ്റും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മോശം കാലാവസ്ഥ കാരണം നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയും വൈകുകയും ചെയ്തു. നൂറുകണക്കിന് യാത്രക്കാര്‍ മണിക്കൂറുകളോളം വിമാനത്താവളത്തില്‍ കുടുങ്ങി.