കോട്ടയം: ഉമ്മന്‍ ചാണ്ടിയെന്ന ജനനേതാവിന് യാത്രാമൊഴിയേകാന്‍ പതിനായിരണക്കണക്കിന് പേരാണ് തിരുവനന്തപുരം മുതല്‍ കോട്ടയം വരെ വഴികള്‍ക്കിരുവശവുമായി കാത്തു നിന്നത്. ‘ഉമ്മന്‍ ചാണ്ടി ജീവിക്കുന്നു ഞങ്ങളിലൂടെ…’ എന്ന ജനങ്ങളുയര്‍ത്തുന്ന മുദ്രാവാക്യം അന്വര്‍ത്ഥമാക്കുന്നതായിരുന്നു ഓരോ മനുഷ്യരുടെയും കണ്ണീര്. വഴികളില്‍ ആളുകളൊഴിയാതെ വന്നതോടെ 12 മണിക്കൂറാണ് വിലാപയാത്ര വൈകിയത്. ബുധനാഴ്ച രാവിലെ 7.30ഓടെ പുറപ്പെട്ട വിലാപയാത്ര കോട്ടയം ചങ്ങനാശേരിയിലെത്തിയത് വ്യാഴാഴ്ച പുലര്‍ച്ചെ ആറ് മണിക്കാണ്. ബുധനാഴ്ച വൈകിട്ട് ആറ് മണിക്ക് തിരുനക്കരയെത്തുമെന്ന് കരുതിയിരുന്ന വിലാപയാത്രയാണ് ഇത്രയും വൈകിയത്.
പൊതുദര്‍ശനം നിയന്ത്രിക്കാന്‍ 1600 ഓളം പൊലീസുകാരെയാണ് തിരുനക്കര മൈതാനിയില്‍ വിന്യസിച്ചിരിക്കുന്നത്. ചങ്ങനാശേരി ടൗണിലും ജനനായകനെ കാണാന്‍ വലിയ ജനത്തിരക്കാണ്. പോലീസ് വടം കെട്ടി ആളുകളെ നിയന്ത്രിക്കുന്നുണ്ട്. മഴയെ അവഗണിച്ചാണ് ജനകൂട്ടം ഉമ്മന്‍ ചാണ്ടിയെ കാണാന്‍ കാത്തുനില്‍ക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ എസ് ബി കോളേജിന് മുന്നില്‍ വിലാപയാത്രയെത്തി, വിദ്യാര്‍ഥികളും കോളേജ് അധികൃതരും ആദരമര്‍പ്പിച്ചു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്ന എസ് ബി കോളേജില്‍ നിന്നാണ് ഉമ്മന്‍ ചാണ്ടിയെന്ന രാഷ്ട്രീയ അതികായന്റെ പിറവി.
ജനനേതാവിനെ അവസാനമായി ഒരു നോക്ക് കാണാനാഗ്രഹിച്ചെത്തുന്നവര്‍ക്കെല്ലാം അവസരം നല്‍കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ ഉറപ്പിലാണ് തിരുനക്കരയില്‍ ആളുകള്‍ മണിക്കൂറുകളോളം കാത്തിരിക്കുന്നത്. ഇന്നലെ രാവിലെ മുതല്‍ കാത്തിരിക്കുന്നവരും ഈ ജനക്കൂട്ടത്തിലുണ്ട്. മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, കെ രാധാകൃഷ്ണന്‍ തുടങ്ങിയവരും കോണ്‍ഗ്രസ് നേതാക്കളും തിരുനക്കരയില്‍ ഉമ്മന്‍ ചാണ്ടിയെ കാത്തിരിക്കുന്നുണ്ട്. മുഴുവന്‍ പേരും കണ്ടതിന് ശേഷം മാത്രമായിരിക്കും ഉമ്മന്‍ ചാണ്ടിയുടെ ഭൗതികദേഹം പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകുക. ആളും ആരവവുമായി ജീവിച്ച ജനനായകന്റെ അവസാന യാത്ര കണ്ണുനിറയാതെ കാണാനാകുന്നില്ല കേരളത്തിന്…