തിരുവനന്തപുരം: ഈ സാമ്പത്തിക വര്‍ഷത്തെ മദ്യനയം മന്ത്രിസഭ അംഗീകരിച്ചു. ബാര്‍ ലൈസന്‍സ് ഫീസ് വര്‍ധിപ്പിച്ചു. നിലവില്‍ 30 ലക്ഷം രൂപയാണ് ഫീസ്. 5 ലക്ഷം രൂപയാണ് വര്‍ധിപ്പിച്ചത്. മദ്യനയം വിശദീകരിക്കാന്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് എക്‌സൈസ് മന്ത്രി മാധ്യമങ്ങളെ കാണും.
കഴിഞ്ഞ വര്‍ഷത്തെ മദ്യനയത്തില്‍ കാര്യമായ മാറ്റമില്ലെന്നാണ് ലഭിക്കുന്ന വിവരം. ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കാന്‍ സാധ്യതയില്ല. അവധി ഒഴിവാക്കുന്നതിനെതിരെ തൊഴിലാഴി യൂണിയനുകളും എതിര്‍പ്പ് അറിയിച്ചിരുന്നു. ഡ്രൈ ഡേയുടെ തലേദിവസം മദ്യവില്‍പന കൂടുന്നതിനാല്‍ സര്‍ക്കാരിനു കാര്യമായ നഷ്ടമില്ല.
ഐടി പാര്‍ക്കുകളില്‍ മദ്യം വിതരണം ചെയ്യുന്നതിന് കഴിഞ്ഞ വര്‍ഷത്തെ നയത്തില്‍ തീരുമാനം എടുത്തിരുന്നെങ്കിലും നടപ്പിലായിട്ടില്ല. ഫീസ് കുറയ്ക്കണമെന്ന ഐടി വകുപ്പിന്റെ ആവശ്യം സര്‍ക്കാര്‍ പരിഗണനയിലാണ്. നിയമസഭാ സബ്ജക്ട് കമ്മിറ്റി വിഷയം പരിശോധിക്കുകയാണ്. അതിനുശേഷം ഈ വര്‍ഷം തന്നെ നടപ്പിലാക്കാനാണ് ആലോചന. കള്ളുഷാപ്പുകളുടെ പ്രവര്‍ത്തനം സംബന്ധിച്ചും പുതിയ മദ്യനയത്തില്‍ നിര്‍ദേശങ്ങളുണ്ടാകും. ഏപ്രില്‍ മാസത്തില്‍ പുതിയ മദ്യനയം വരേണ്ടതാണെങ്കിലും വിവിധ കാരണങ്ങളാല്‍ നീണ്ടുപോകുകയായിരുന്നു.