ഒഡീഷ: രാജ്യത്തെ നടുക്കിയ ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ മൂന്ന് റെയില്‍വേ ജീവനക്കാരെ സിബിഐ അറസ്റ്റ് ചെയ്തു. അരുണ്‍ കുമാര്‍ മഹന്ദ, എംഡി അമിര്‍ ഖാന്‍, പപ്പു കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. മനപൂര്‍വ്വമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.
അറസ്റ്റിലായ മൂന്ന് റെയില്‍വേ ജീവനക്കാരുടേയും പ്രവര്‍ത്തികള്‍ അപകടത്തിലേക്ക് നയിച്ചുവെന്ന് സിബിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. അവരുടെ പ്രവര്‍ത്തി ഈ ദുരന്തത്തിന് വഴിവെക്കുമെന്ന് അവര്‍ക്ക് അറിയാമായിരുന്നുവെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ജൂണ്‍ ആറിനാണ് സിബിഐ കേസ് ഏറ്റെടുക്കുന്നത്.
293 പേരാണ് ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്. ആയിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് സിബിഐ അന്വേഷിക്കുന്നുണ്ട്.
ട്രെയിന്‍ ദുരന്തത്തിന് കാരണം ജീവനക്കാരുടെ പിഴവും തെറ്റായ സിഗ്‌നലിംഗ് സംവിധാനവുമാണെന്ന് നേരത്തെ റെയില്‍വേ സുരക്ഷാ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. സിഗ്‌നല്‍, ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പില്‍ വിവിധ തലത്തില്‍ പിഴവുകള്‍ സംഭവിച്ചു. സിഗ്‌നല്‍ വകുപ്പിനാണ് പ്രാഥമിക ഉത്തരവാദിത്തമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മുന്‍കാല മുന്നറിയിപ്പുകള്‍ വകവെച്ചിരുന്നുവെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
ജൂണ്‍ രണ്ടിനാണ് ഒഡീഷയിലെ ബാലസോര്‍ ജില്ലയില്‍ ട്രെയിന്‍ അപകടമുണ്ടായത്. ഷാലിമാറില്‍ നിന്ന് ചെന്നൈയിലേക്ക് പോയ കൊറമാണ്ഡല്‍ എക്‌സ്പ്രസ്, ബെംഗളൂരുവില്‍ നിന്ന് ഹൗറയിലേക്ക് പോയ യശ്വന്ത്പൂര്‍-ഹൗറ എക്‌സ്പ്രസ്, ഒരു ഗുഡ്‌സ് ട്രെയിന്‍ എന്നിവയായിരുന്നു അപകടത്തില്‍പെട്ടത്.