മെല്‍ബണ്‍: ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലില്‍ ഓസ്‌ട്രേലിയയെ പാറ്റ് കമ്മിന്‍സ് നയിക്കും. മധ്യനിര ബാറ്റര്‍ മാര്‍നസ് ലബുഷെയ്ന്‍ ടീമിലില്ല. ലോകകപ്പിനായി 18 അംഗ ടീമിനെയാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ലോകകപ്പിന് മുമ്പായി 15 അംഗങ്ങളുടെ അന്തിമ ഇലവനെ ഓസ്‌ട്രേലിയ പ്രഖ്യാപിക്കും. ഒക്ടോബര്‍ എട്ടിന് ഇന്ത്യയ്‌ക്കെതിരെ ചെന്നൈയിലാണ് ഓസ്‌ട്രേലിയയുടെ ആദ്യ മത്സരം.
ലോകകപ്പിന് മുമ്പായി ഇന്ത്യയില്‍ നടക്കുന്ന പരമ്പരയില്‍ കമ്മിന്‍സ് കളിക്കുമോയെന്ന സംശയമുണ്ടായിരുന്നു. ആഷസ് അഞ്ചാം ടെസ്റ്റിനിടെ കമ്മിന്‍സിന് കണങ്കൈക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ കമ്മിന്‍സിന് ആറ് ആഴ്ചത്തെ വിശ്രമമാണ് വേണ്ടതെന്ന് ഓസ്‌ട്രേലിയന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് ബെയ്‌ലി പറഞ്ഞു. ഈ മാസം അവസാനം നടക്കുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ കമ്മിന്‍സ് കളിക്കുമെന്നും ബെയ്‌ലി പ്രതീക്ഷ പ്രകടിപ്പിച്ചു. 2022 നവംബറിലാണ് കമ്മിന്‍സ് അവസാനമായി ഏകദിന ക്രിക്കറ്റ് കളിച്ചത്.
അതിനിടെ ഓസ്‌ട്രേലിയയുടെ ലോകകപ്പ് ടീമില്‍ മധ്യനിര ബാറ്റര്‍ മാര്‍നസ് ലബുഷെയ്‌നെ ഒഴിവാക്കി. ഓസ്‌ട്രേലിയന്‍ ടെസ്റ്റ് നിരയിലെ പ്രധാന താരങ്ങളിലൊരാളാണ് ലബുഷെയ്ന്‍. ഇതുവരെ അന്താരാഷ്ട്ര മത്സരം കളിക്കാത്ത രണ്ട് താരങ്ങള്‍ ലോകകപ്പ് ടീമില്‍ ഇടം പിടിച്ചു. ലെഗ് സ്പിന്നര്‍ തന്‍വീര്‍ സാഗയ്ക്കും ഓള്‍ റൗണ്ടര്‍ ആരോണ്‍ ഹാര്‍ഡിക്കുമാണ് ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചത്. എന്നാല്‍ അവസാന 15 ല്‍ ഇരുവരും ഇടം പിടിക്കുമോ എന്നറിയേണ്ടതുണ്ട്. സമീപകാലത്ത് മോശം പ്രകടനം നടത്തുന്ന ഡേവിഡ് വാര്‍ണറും 18 അംഗ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.
മൂന്ന് മത്സരങ്ങളുടെ ട്വന്റി20 പരമ്പരയോടെ ഓഗസ്റ്റ് 30 ന് ഓസ്‌ട്രേലിയയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ആരംഭിക്കും. അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പര സെപ്റ്റംബര്‍ 7 നാണ് ആരംഭിക്കുന്നത്. സെപ്റ്റംബര്‍ മൂന്നാം വാരത്തോടെ ഓസ്‌ട്രേലിയ ഇന്ത്യന്‍ പരമ്പരയ്ക്ക് പുറപ്പെടും. സെപ്റ്റംബര്‍ ആദ്യ വാരം തന്നെ ലോകകപ്പിലേക്കുള്ള അവസാന 15 അംഗ ടീമിനെ ഓസ്‌ട്രേലിയ പ്രഖ്യാപിച്ചേക്കും. സെപ്റ്റംബര്‍ 28 വരെയാണ് ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കാനുള്ള അവസരം. അതിനു ശേഷമുള്ള മാറ്റങ്ങള്‍ക്ക് ഐസിസിയുടെ അം?ഗീകാരം ആവശ്യമാണ്.