പുതിയ സെല്‍റ്റോസ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നവര്‍ക്ക് ആകര്‍ഷക ഓഫറുമായി കിയ. വാഹനത്തിന്റെ ഓണര്‍ഷിപ്പ് കോസ്റ്റ് കിലോമീറ്ററിന് 0.82 രൂപ (ഇന്‍ഷുറന്‍സ് കൂട്ടാതെ) എന്ന അടിപൊളി ഓഫറാണ് കിയ നല്‍കുന്നത്. കിയ സെല്‍റ്റോസിന്റെ ഉടമസ്ഥ ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി 32796 രൂപ മുതലുള്ള സര്‍വീസ് പാക്കേജാണ് ഒരുക്കിയിരിക്കുന്നത്. പ്രീമിയം (നാലു വര്‍ഷം), ലക്ഷ്വറി (അഞ്ചു വര്‍ഷം) എന്നിങ്ങനെ രണ്ട് സര്‍വീസ് പാക്കേജുകളാണ് മൈ കണ്‍വീനയന്‍സ് പ്ലസ് എന്ന് പേരിട്ടിരിക്കുന്ന പാക്കേജില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഈ പാക്കേജുകള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് നാലു മുതല്‍ അഞ്ചുവര്‍ഷം വരെ ഓണര്‍ഷിപ്പ് കോസ്റ്റില്‍ 10 ശതമാനം വരെ കുറവ് ലഭിക്കും എന്നാണ് കിയ അറിയിക്കുന്നത്. പ്രീ പെയ്ഡ് മെയിന്റനന്‍സ്, എക്റ്റന്റഡ് വാറിന്റി, റോഡ് സൈഡ് അസിസ്റ്റന്‍സ് എന്നിവ ഉള്‍പ്പെടുന്നതാണ് മൈ കണ്‍വീനയന്‍സ് പ്ലസ്.
പ്രീമിയം പാക്കേജില്‍ പെട്രോള്‍ മോഡലിന് നാലുവര്‍ഷത്തേയ്ക്ക് 32796 രൂപയാണ്, അതായത് ഒരു വര്‍ഷം സര്‍വീസിനായി 8199 രൂപ. ഇതുപ്രകാരം കിലോമീറ്ററിന് ഓണര്‍ഷിപ്പ് കോസ്റ്റായി 0.82 രൂപ (പാക്കേജ് എടുത്തില്ലെങ്കില്‍ 0.94 രൂപ) മാത്രമാണ് ചെലവാകുന്നത്. ഏകദേശം 13 ശതമാനം വരെ ലാഭമാണ് ഇതിലൂടെ ഉപഭോക്താവിന് ലഭിക്കുന്നത്. ഡീസല്‍ മോഡലിന് 37596 രൂപയാണ്. വര്‍ഷം 9399 രൂപ, കിലോമീറ്ററിന് 0.94 രൂപ (പാക്കേജ് എടുത്തില്ലെങ്കില്‍ 1.05 രൂപ). ലാഭം 10 ശതമാനം.
ലക്ഷ്വറി പ്ലാന്‍ പ്രകാരം പെട്രോള്‍ മോഡലിന് 46995 രൂപയാണ് (വര്‍ഷം 9399 രൂപ). കിലോമീറ്ററിന് 0.94 രൂപ (പാക്കേജ് എടുത്തില്ലെങ്കില്‍ 1.07 രൂപ). ലാഭം 12 ശതമാനം. ഡീസല്‍ മോഡലിന്റെ പാക്കേജിന് വില 51995 രൂപയാണ്. അതായത് ഒരുവര്‍ഷം 10399 രൂപ. കിലോമീറ്ററിന് 1.04 രൂപ (പാക്കേജ് എടുത്തില്ലെങ്കില്‍ 1.16 രൂപ). ലാഭം 11 ശതമാനം.