മാഡ്രിഡ്: അര്‍ജന്റീനന്‍ മധ്യനിര താരം റോഡ്രിഗോ ഡി പോളിനെ സ്വന്തമാക്കാനുള്ള സൗദി ക്ലബിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. 32 മില്യണ്‍ യൂറോയ്ക്കാണ് (290 കോടി രൂപ) താരത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ നടന്നത്. സൗദി പ്രോ ലീഗ് ക്ലബായ അല്‍ അഹ്ലി ആയിരുന്നു റോഡ്രിഗോയ്ക്ക് വേണ്ടി ശ്രമങ്ങള്‍ നടത്തിയത്. കരാര്‍ ശ്രമങ്ങള്‍ വിഫലമായതോടെ അര്‍ജന്റീനന്‍ താരം സ്പാനിഷ് ക്ലബായ അത്ലറ്റികോ ഡി മാഡ്രിഡില്‍ തുടരും.
സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ അംഗരക്ഷകന്‍ എന്നറിയപ്പെടുന്ന താരമാണ് റോഡ്രിഗോ ഡി പോള്‍. അര്‍ജന്റീനയുടെ ലോകകപ്പ് താരത്തെ സ്വന്തമാക്കാന്‍ കഴിഞ്ഞ ദിവസമാണ് അല്‍ അഹ്ലി ശ്രമം തുടങ്ങിയത്. ബ്രസീലിയന്‍ താരം റോബര്‍ട്ടോ ഫിര്‍മിനോ കളിക്കുന്ന ക്ലബാണ് അല്‍ അഹ്ലി. റോഡ്രിഗോയെ സ്വന്തമാക്കാനുള്ള അല്‍ അഹ്ലി ശ്രമം വിഫലമായെന്ന് സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് ഫാബ്രീസിയോ റോമാനോ പറഞ്ഞു.
2021 ലാണ് റോഡ്രിഗോ അത്ലറ്റികോയിലേക്ക് എത്തിയത്. 65 മത്സരങ്ങള്‍ കളിച്ച താരം അഞ്ച് ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടി. 2026 വരെയാണ് റോഡ്രിഗോയ്ക്ക് അത്ലറ്റികോയില്‍ കരാറുള്ളത്. അര്‍ജന്റീനയക്ക് വേണ്ടി 35 മത്സരങ്ങള്‍ കളിച്ച താരം രണ്ട് ഗോളുകള്‍ നേടിയിട്ടുണ്ട്. അഞ്ച് ഗോളിന് വഴിയൊരുക്കാനും റോഡ്രി?ഗോയ്ക്ക് സാധിച്ചിട്ടുണ്ട്.