തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാവും. മിത്ത് വിവാദവും താനൂര്‍ കസ്റ്റഡി മരണവും കത്തി നില്‍ക്കെയാണ്, നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകുന്നത്. സഭ നിയന്ത്രിക്കേണ്ട സ്പീക്കര്‍ തന്നെ മിത്ത് വിവാദത്തില്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് സഭ ചേരുന്നത്. സ്പീക്കര്‍ നിലപാട് തിരുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും വിഷയം സഭയില്‍ ഉന്നയിക്കുമോയെന്ന് വ്യക്തമാക്കിയിട്ടില്ല. ബിജെപിക്ക് നേട്ടമുണ്ടാകാതിരിക്കാന്‍ വിഷയം സജീവമായി ഏറ്റെടുക്കണമെന്നാണ് ഒരു പക്ഷത്തിന്റെ നിലപാട്. തിങ്കളാഴ്ച്ച ചേരുന്ന യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.
അതേസമയം വിവാദത്തില്‍ നിന്നും തന്ത്രപരമായ അകലം പാലിക്കാന്‍ ആകും സര്‍ക്കാര്‍ ശ്രമിക്കുക. കഴിഞ്ഞ സമ്മേളനത്തിന് സമാനമായി മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട വിഷയങ്ങള്‍ നിരന്തരം ഉന്നയിക്കുന്ന തന്ത്രം പ്രതിപക്ഷം ആവര്‍ത്തിച്ചേക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി, കെഎസ്ആര്‍ടിസി, ഓണം വിപണിയിലെ വിലക്കയറ്റം, പ്ലസ്വണ്‍ സീറ്റ് ക്ഷാമം, മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഐജി ലക്ഷ്മണയുടെ ആരോപണം തുടങ്ങി കാര്യങ്ങള്‍ ആയുധമാക്കാനായിരിക്കും പ്രതിപക്ഷത്തിന്റെ ആലോചന.
മറുവശത്ത് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പ് കേസില്‍ കുടുങ്ങിയതടക്കം ഉയര്‍ത്തിയാകും ഭരണപക്ഷത്തിന്റെ പ്രതിരോധം. പതിനാലോളം ബില്ലുകള്‍ സമ്മേളന കാലയളവില്‍ സഭ പരിഗണിക്കും. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ എന്നിവര്‍ക്ക് ചരമോപചാരം അര്‍പ്പിച്ച് നാളെ സഭ പിരിയും. ആഗസ്റ്റ് 24 വരെ 12 ദിവസങ്ങളാണ് സഭ സമ്മേളിക്കുന്നത്.
53 വര്‍ഷം തുടര്‍ച്ചയായി എംഎല്‍എ ആയി പ്രവര്‍ത്തിച്ച ഉമ്മന്‍ചാണ്ടിയില്ലാതെയാണ് 15-ാം കേരള നിയമസഭയുടെ 9ാം സമ്മേളനം നാളെ ആരംഭിക്കുന്നത്. മുന്‍നിരയില്‍ നിന്ന് ഉമ്മന്‍ചാണ്ടിയുടെ ഇരിപ്പിടം മാറ്റി സീറ്റുകള്‍ പുനഃക്രമീകരിക്കും.