ന്യൂഡല്‍ഹി: പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ ഹൈക്കോടതി വിധിയില്‍ പിഴവെന്ന് സുപ്രീം കോടതി. പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ ഇപ്പോള്‍ ഇടപെടുന്നില്ല. എന്നാല്‍ സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കും നിയമനമെന്നും കോടതി പറഞ്ഞിട്ടുണ്ട്. നേരത്തെ പ്രിയ വര്‍ഗീസിന്റെ നിയമനം ഹൈക്കോടതി ശരിവെച്ചിരുന്നു. യുജിസിയുടെ ഹര്‍ജിയിന്മേലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
യുജിസി നിലപാട് തള്ളിക്കൊണ്ടായിരുന്നു നേരത്തെ ഹൈക്കോടതി പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവെച്ചത്. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് 2018 ചട്ട പ്രകാരമുള്ള അധ്യാപന പരിചയം പ്രിയ വര്‍ഗീസിന് ഇല്ലെന്നായിരുന്നു ഹൈക്കോടതിയില്‍ യുജിസി വാദിച്ചത്. എന്നാല്‍ ഈ വാദം ഹൈക്കോടതി തള്ളുകയും നിയമനം ശരിവെക്കുകയുമായിരുന്നു.
ഇതേ തുടര്‍ന്നായിരുന്നു കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ നിയമിച്ചത് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീം കോടതിയെ സമീപിച്ചത്. ഹെക്കോടതി വിധിക്കെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിപ്പിക്കുന്നതിന് മുന്‍പ് തന്റെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയ വര്‍ഗീസ് തടസ്സ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.
2018ലെ യുജിസി ചട്ട പ്രകാരം അസോസിയേറ്റ് പ്രഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അധ്യാപന പരിചയം എട്ട് വര്‍ഷമാണ്. എയ്ഡഡ് കോളേജില്‍ ജോലിക്ക് പ്രവേശിച്ച ശേഷം പ്രിയ വര്‍ഗീസ് ഫാക്കല്‍റ്റി ഡെവലപ്പ്മെന്റ് പ്രോഗ്രാം പ്രകാരം മൂന്ന് വര്‍ഷം പിഎച്ച്ഡി ഗവേഷണം നടത്തിയ കാലയളവും കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്റ് ഡീന്‍ ആയി ഡപ്യൂട്ടേഷനില്‍ ജോലി ചെയ്ത രണ്ട് വര്‍ഷവും ചേര്‍ത്താണ് അധ്യാപന പരിചയം കാണിച്ചിരിക്കുന്നത്. ഗവേഷണ കാലയളവും സ്റ്റുഡന്റ് ഡീന്‍ ആയി ജോലി ചെയ്ത കാലയളവും അധ്യാപന പരിചയത്തില്‍ കണക്കാക്കാനാവില്ലെന്നാണ് യുജിസി വാദം.