കൊല്ലം : ഡോക്ടര്‍ വന്ദനന ദാസിനോട് തന്റെ മകന്‍ ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണെന്ന് പ്രതി സന്ദീപിന്റെ അമ്മ. തെറ്റിന് താന്‍ മാപ്പ് ചോദിക്കുന്നുവെന്നും സന്ദീപിന്റെ അമ്മ പറഞ്ഞു.
‘വന്ദനാ ദാസിന്റെ കുടുംബത്തോട് ഞാന്‍ മാപ്പ് ചോദിക്കുകയാണ്. മകന്‍ ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണ്. ആ മകളുടെ അകാല മരണത്തില്‍ ദുഖമുണ്ട്. എന്റെ മകന്‍ ആകെ മാറിപ്പോയി. സന്ദീപ് ഇങ്ങനെയായിരുന്നില്ല. അവന്‍ ജോലിയില്‍ മിടുക്കനായിരുന്നു. വിദ്യാര്‍ഥികളോടും നാട്ടുകാരോടും നല്ല പെരുമാറ്റമായിരുന്നു. പൊതു സമൂഹത്തിന് ഇനിയും കല്ലെറിയാം. മകന്‍ കൊലയാളിയായതോടെ ടിവി കാണാറില്ലെന്നും പത്രം വായിക്കാറില്ലെ’ന്നും സന്ദീപിന്റെ അമ്മ പറഞ്ഞു.
കൊട്ടാരക്കര സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെ മെയ് 10ന് പുലര്‍ച്ചെയാണ് ഡോ. വന്ദനാ ദാസ് ആക്രമിക്കപ്പെടുന്നത്. പൊലീസ് പരിശോധനയ്ക്കായി കൊണ്ടുവന്ന സന്ദീപ് എന്ന യുവാവ് അത്യാഹിത വിഭാഗത്തില്‍ വച്ച് ഡോ. വന്ദനയെ ആക്രമിക്കുകയായിരുന്നു. സര്‍ജിക്കല്‍ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വന്ദന ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.