തിരുവനന്തപുരം: ജനലക്ഷങ്ങളുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര ജന്മനാട്ടില്‍. പൊതുദര്‍ശനത്തിനായി വിലാപയാത്ര തിരുനക്കര മൈതാനത്ത് എത്തി. 28 മണിക്കൂറും പിന്നിട്ടാണ് യാത്ര തിരുനക്കരയിലേക്ക് എത്തുന്നത്. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങളും, മന്ത്രിമാര്‍, രാഷ്ട്രീയ രംഗത്തെ മറ്റു പ്രമുഖരടക്കം ജനസാഗരമാണ് തിരുനക്കര മൈതാനത്ത് പ്രിയ നേതാവിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ കാത്തുനില്‍ക്കുന്നത്.
തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസില്‍നിന്ന് ഇന്നലെ രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര, ഇരുപത്തിരണ്ടര മണിക്കൂറോളം എടുത്താണ് കോട്ടയം ജില്ലയില്‍ പ്രവേശിച്ചത്. അര്‍ധരാത്രി കഴിഞ്ഞിട്ടും കത്തിച്ച മെഴുകുതിരിയുമായി വഴിയോരത്ത് ആയിരങ്ങളാണ് ജനനേതാവിനെ അവസാനമായി ഒരുനോക്കുകാണാന്‍ കാത്തുനിന്നത്. അര്‍ധരാത്രിയിലും പുലര്‍ച്ചെയും ആള്‍ക്കൂട്ടത്തിന് യാതൊരു കുറവും വന്നില്ല. പത്തനംതിട്ട പന്തളത്ത് വിലാപ യാത്ര എത്തുമ്പോള്‍ പുലര്‍ച്ചെ രണ്ട് മണിയോടടുത്തു. കുട്ടികളുള്‍പ്പെടെയുള്ളവരാണ് ഇവിടെ കാത്തുനിന്നത്. തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെ കൊല്ലം ജില്ലയില്‍ പ്രവേശിച്ച യാത്ര, രാത്രി എട്ടരയോടെയാണ് പത്തനംതിട്ട ജില്ലയിലെ ഏനാത്തേക്കു കടന്നത്.
കോട്ടയം ഡിസിസി ഓഫിസില്‍ വിലാപയാത്ര എത്തിയപ്പോള്‍ ജനലക്ഷങ്ങളാണ് അവിടേക്ക് ഒഴുകിയെത്തിയത്. ഉമ്മന്‍ചാണ്ടിക്ക് അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തിയവരുടെ കടലായി അക്ഷരനഗരി മാറിക്കഴിഞ്ഞു. അതിനിടെ ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാനായി കൊച്ചിയിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉച്ചയോടെ പുതുപ്പള്ളിയിലെത്തും. സംസ്‌കാര ചടങ്ങില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയും പങ്കെടുക്കും.
ഇന്ന് പുതുപ്പള്ളിയിലെ വീട്ടിലും സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലും പൊതുദര്‍ശനം. തുടര്‍ന്നു വലിയപള്ളി സെമിത്തേരിയില്‍ പ്രത്യേക കബറിടത്തില്‍ 3.30നു സംസ്‌കാരം. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.