ന്യൂഡല്‍ഹി: ഡല്‍ഹിയില്‍നിന്ന് യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോയിലേക്കുള്ള യാത്രാമധ്യേ എന്‍ജിന്‍ തകരാര്‍ മൂലം റഷ്യയിലെ മഗദാന്‍ വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാര്‍ നേരിടുന്നത് മോശമായ താമസ സൗകര്യങ്ങള്‍ ഉള്‍പ്പടെയുള്ള ദുരിതങ്ങളാണ്. ഇന്നലെ വൈകിട്ട് റഷ്യയില്‍ ഇറങ്ങിയ വിമാനത്തിലെ യാത്രക്കാര്‍, ഇപ്പോഴും അവിടെത്തന്നെ തുടരുകയാണ്. ഇവര്‍ക്കായി എയര്‍ ഇന്ത്യ സജ്ജീകരിച്ച വിമാനം ഇതുവരെ അവിടെ എത്തിയിട്ടുമില്ല.
എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയെന്നല്ലാതെ മറ്റു വിവരങ്ങളൊന്നും അവര്‍ക്ക് അറിയില്ലെന്ന് വിമാനത്തിലെ യാത്രക്കാരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭാഷയാണ് പ്രധാന പ്രശ്‌നം. വിമാനത്താവള അധികൃതരുമായോ ജീവനക്കാരുമായോ സംസാരിക്കാന്‍ ഭാഷ തടസമാണ്. എപ്പോഴാണ് ഇവിടെനിന്ന് പോകാനാകുക എന്ന കാര്യത്തിലും ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ഇവര്‍ പറയുന്നു.
230ലധികം പേരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. അക്കൂട്ടത്തില്‍ കുട്ടികളും പ്രായമായവരും ഒട്ടേറെയുണ്ട്. യായ്രതക്കാരുടെ ബാഗുകളെല്ലാം ഇപ്പോഴും വിമാനത്തിനുള്ളിലാണ്. എയര്‍പോര്‍ട്ടില്‍ നിന്ന് ഇറങ്ങിയ ശേഷം അവരെ ബസുകളില്‍ കയറ്റി പല സ്ഥലങ്ങളിലേക്കാണ് മാറ്റിയത്. ചിലരെ് സ്‌കൂളിലാണ് താല്‍ക്കാലികമായി താമസിപ്പിച്ചിരിക്കുന്നത് എന്ന് യാത്രക്കാരനെ ഉദ്ധരിച്ച് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.