തിരുവനന്തപുരം: മാധ്യമ വിരോധ നടപടികളുമായി മുന്നോട്ട് പോകുന്ന സര്‍ക്കാര്‍ നയത്തില്‍ സിപിഎമ്മിനകത്ത് തന്നെ വലിയൊരു ഒരു വിഭാഗം നേതാക്കള്‍ക്ക് അതൃപ്തി. അതിരുകടക്കുന്ന വിമര്‍ശനവും പൊലീസിനെ ഉപയോഗിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ എടുക്കുന്ന നടപടികളും അപക്വമെന്നാണ് വിമര്‍ശനം. എലത്തൂര്‍ കേസില്‍ മാതൃഭൂമിക്കെതിരായ പൊലീസ് നടപടി പ്രത്യേക ലക്ഷ്യം വച്ചായിരുന്നു എന്ന് ഇടതുമുന്നണി ഘടകക്ഷി നേതാവ് കൂടിയായ മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എംവി ശ്രേയാംസ് കുമാറിന്റെ പ്രതികരണം, ഇക്കാര്യത്തില്‍ മുന്നണിക്ക് അകത്തെ അസംതൃപ്തി കൂടി വിരല്‍ ചൂണ്ടുന്നു.
വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കുന്ന നടപടി എന്ന പൊതു വിലയിരുത്തല്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും പേരുദോഷമുണ്ടാക്കുന്നെന്ന നിലപാടാണ് സിപിഎം നേതൃനിരയിലെ മിക്കവര്‍ക്കുമുള്ളത്. ഒരു വശത്ത് മാധ്യമ സ്വാതന്ത്ര്യം പ്രഖ്യാപിത നയമായി സിപിഎം കേന്ദ്ര നേതൃത്വം അടക്കം കൊണ്ടുനടക്കുന്നതിനിടെയാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നത്. എസ്എഫ്‌ഐ നേതാവിനെതിരായ ആരോപണം റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെ എടുത്ത കേസ് മുതല്‍, വിഷയത്തില്‍ എംവി ഗോവിന്ദന്റെ പ്രതികരണം വരെ അതിരുകടന്നുവെന്ന വിമര്‍ശനം ശക്തമാണ്
മുഖ്യമന്ത്രിയുടെ ഓഫീസും ക്രൈം ബ്രാഞ്ച് എഡിജിപി എംആര്‍ അജിത് കുമാറും മാത്രം അറിഞ്ഞ് നടത്തിയ നീക്കത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും ഒരുപോലെ വെട്ടിലായെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പോലും സമ്മതിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് മാത്രം അറിഞ്ഞെടുക്കുന്ന തീരുമാനങ്ങള്‍ അതിശയിപ്പിക്കുന്നതെന്നാണ് നേതാക്കളില്‍ ചിലരുടെ പ്രതികരണം. മന്ത്രിമാരില്‍ ചിലര്‍ക്കും അതൃപ്തിയുണ്ട്. സംഘടനാ ചട്ടക്കൂടിന് പുറത്ത് വന്നുള്ള പ്രതികരണങ്ങള്‍ക്ക് പക്ഷെ പലരും തയ്യാറാകുന്നില്ലെന്ന് മാത്രം.
എലത്തൂര്‍ കേസില്‍ മാതൃഭൂമി ജീവനക്കാര്‍ക്കെതിരായ കേസ് ഒരു പൊലീസ് ഓഫീസറുടെ പേര് പറയിക്കാനാണെന്ന് എംവി ശ്രേയാംസ് കുമാര്‍ പരസ്യ നിലപാടെടുത്തിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്റെ മിണ്ടാനാണ് തീരുമാനം പ്രത്യേക പരിപാടിയിലായിരുന്നു ഇത്. സര്‍ക്കാര്‍ നടപടിയെ ന്യായീകരിക്കുന്ന കാനം രാജേന്ദ്രന്റെ പ്രതികരണത്തില്‍ സിപിഐക്ക് അകത്തും അതൃപ്തിയുണ്ടെന്നാണ് വിവരം. വിദേശ യാത്രക്ക് ശേഷം മുഖ്യമന്ത്രിയും സംഘവും തിരിച്ചെത്തിയ ശേഷം സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. 30 ന് സംസ്ഥാന സെക്രട്ടേറിയറ്റും ഒന്നും രണ്ടും തീയതികളില്‍ സംസ്ഥാന സമിതിയും ചേരും. മാധ്യമങ്ങളോടുള്ള നയസമീപനം അടക്കം സമീപകാല വിവാദങ്ങളിലെല്ലാം വിശദമായ ചര്‍ച്ചയുണ്ടാകും.