ന്യൂഡല്‍ഹി: ബലാത്സംഗത്തിന് ഇരയായ യുവതിയുടെ ഗര്‍ഭഛിദ്രത്തിനുള്ള ഹര്‍ജി പരിഗണിക്കാന്‍ വൈകിയതിന് ഗുജറാത്ത് ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടും ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കാന്‍ 12 ദിവസം വൈകിയെന്നു ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. കുഞ്ഞിന്റെ വളര്‍ച്ച 28 ആഴ്ച പൂര്‍ത്തിയാക്കാറായ സാഹചര്യത്തില്‍ ഇത്തരമൊരു ഹര്‍ജിയില്‍ വിലപ്പെട്ട സമയം പാഴാക്കിയ ഗുജറാത്ത് ഹൈക്കോടതിയുടെ നടപടി ‘വിചിത്ര’മാണെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജല്‍ ഭുയന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി. അവധി ദിനത്തില്‍ പ്രത്യേക സിറ്റിങ് നടത്തിയാണ് സുപ്രീം കോടതി യുവതിയുടെ ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിന് നോട്ടിസ് അയച്ചു.
മെഡിക്കല്‍ ബോര്‍ഡ് ഗര്‍ഭഛിദ്രം നടത്തുന്നതിന് അനുകൂലമായിട്ടാണ് റിപ്പോര്‍ട്ട് നല്‍കിയതെങ്കിലും, ഗുജറാത്ത് ഹൈക്കോടതി ഹര്‍ജി തള്ളിയതായി ഹര്‍ജിക്കാരിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ശശാങ്ക് സിങ് സുപ്രീം കോടതിയെ അറിയിച്ചു.
ഗര്‍ഭഛിദ്രത്തിന് അനുമതി തേടി ഓഗസ്റ്റ് ഏഴിനാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. ഓഗസ്റ്റ് എട്ടിന് ഹര്‍ജി പരിഗണിച്ച ഗുജറാത്ത് ഹൈക്കോടതി, മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. ഓഗസ്റ്റ് 10ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഓഗസ്റ്റ് 11ന് വീണ്ടും ഹര്‍ജി പരിഗണിച്ചെങ്കിലും, അത് ഓഗസ്റ്റ് 23ലേക്ക് നീട്ടിവച്ചതായി അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചു.
ഗര്‍ഭഛിദ്രത്തിനുള്ള ഹര്‍ജി 12 ദിവസം കഴിഞ്ഞ് പരിഗണിക്കാനായി മാറ്റിയ നടപടി വിചിത്രമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ‘എങ്ങനെയാണ് ഹൈക്കോടതിക്ക് ഈ ഹര്‍ജി ഓഗസ്റ്റ് 23ലേക്ക് മാറ്റിവയ്ക്കാനാകുക? അപ്പോഴേയ്ക്കും നിര്‍ണായകമായ എത്ര ദിവസങ്ങളാണ് നഷ്ടപ്പെടുക?’ – ജസ്റ്റിസ് നാഗരത്‌ന ചൂണ്ടിക്കാട്ടി.
ഹര്‍ജി പരിഗണിക്കുന്നത് നീട്ടിവച്ച ഹൈക്കോടതിയുടെ നടപടിയില്‍ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി. ”വിചിത്രമെന്നു പറയട്ടെ, 12 ദിവസത്തിനു ശേഷം പരിഗണിക്കാനായി ഹൈക്കോടതി ഈ ഹര്‍ജി 23-ാം തീയതിയിലേക്ക് മാറ്റിവച്ചു. ഈ ഹര്‍ജിയുടെ പ്രത്യേകതകളും സാഹചര്യവും പരിഗണിക്കുമ്പോള്‍ ഓരോ ദിവസവും നിര്‍ണായകമാണെന്ന സത്യം ഹൈക്കോടതി അവഗണിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച 11-ാം തീയതി മുതല്‍ കേസ് നീട്ടിവച്ച ഓഗസ്റ്റ് 23 വരെ നിര്‍ണായകമായ സമയമാണ് നഷ്ടമായത്’ – സുപ്രീം കോടതി ചൂണ്ടിക്കാട്ടി.