തിരുവനന്തപുരം: തെരുവുനായ്ക്കളെ ദയാവധത്തിന് ഇരയാക്കാന്‍ തീരുമാനം. മാരകമായ രോഗങ്ങളും മുറിവുകളുമുള്ള നായ്ക്കളെയാണ് കൊല്ലുക. അപകടകാരികളായ നായ്ക്കളെ കുറിച്ച് റവന്യൂ മേധാവികളെ അറിയിക്കാം. മന്ത്രിതലയോഗത്തിലാണ് തീരുമാനം.
കേന്ദ്രത്തിന്റെ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ റൂള്‍സില്‍ (എബിസി) ഭേദഗതി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അഡ്വക്കറ്റ് ജനറലുമായി ഇക്കാര്യം ചര്‍ച്ച ചെയ്‌തെന്നും നിലവിലെ കേന്ദ്രനിയമവുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും തെരുവുനായ വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിനുശേഷം തദ്ദേശ മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.
‘നിലവിലെ എബിസി നിയമങ്ങള്‍ തെരുവുനായ നിയന്ത്രണത്തെ അസാധ്യമാക്കുന്നു. ഇതാരാണ് എഴുതി ഉണ്ടാക്കിയതെന്ന് അത്ഭുതം തോന്നും. തെരുവുനായ നിയന്ത്രണം നടത്താനല്ല നടത്താതിരിക്കാനാണ് കേന്ദ്ര നിയമം. ഈ ചട്ടങ്ങള്‍വച്ച് ഒന്നും ചെയ്യാന്‍ കഴിയില്ല. കയ്യും കാലും കെട്ടിയിട്ട് തെരുവുനായയുടെ മുന്നില്‍ ഇടുന്നതു പോലെയാണ്. അപ്രായോഗികമായ, വലിച്ചെറിയേണ്ട നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര മന്ത്രിമാര്‍ ഇടപെടണം’-മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.
തെരുവുനായ വിഷയത്തില്‍ മൃഗസ്‌നേഹികളുടെ സംഘടനകളുടെ യോഗം വിളിക്കും. ഇപ്പോഴത്തെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിനു പ്രവര്‍ത്തിക്കാന്‍ പരിമിതിയുണ്ട്. പരിമിതിക്കുള്ളില്‍ നിന്ന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യും. മൃഗസ്‌നേഹികളുടെ സഹായം എബിസി കേന്ദ്രങ്ങള്‍ നടത്തുന്നതിനു തേടും. അവര്‍ക്ക് ആവശ്യമായ പിന്തുണയും സഹായവും നല്‍കും. അവരുടെ പിന്തുണ പ്രധാനമാണ്. 20 എബിസി കേന്ദ്രങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 25 എണ്ണം ഉടന്‍ സജ്ജമാകും. കൂടുതല്‍ എബിസി കേന്ദ്രങ്ങള്‍ ആരംഭിക്കും. മൊബൈല്‍ എബിസി കേന്ദ്രങ്ങളും തുടങ്ങും. സ്ഥലസൗകര്യമുള്ള മൃഗാശുപത്രികളില്‍ എബിസി കേന്ദ്രം തുടങ്ങാന്‍ മൃഗസംരക്ഷണ വകുപ്പുമായി ചര്‍ച്ച നടത്തും. ഫണ്ട് തദ്ദേശ വകുപ്പ് നല്‍കും. അറവുമാലിന്യം തള്ളുന്ന കേന്ദ്രങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.