തിരുവനന്തപുരം : കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ അംഗീകാരമുള്ള മുപ്പതില്‍പരം മൃഗക്ഷേമ സംഘടനകള്‍ സംസ്ഥാനത്തുണ്ടെങ്കിലും തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് നടപടികള്‍ സ്വീകരിക്കുന്നത് ഒരെണ്ണം മാത്രം. കേരളത്തില്‍ ആകെയുള്ള 20 അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ (എബിസി) കേന്ദ്രങ്ങളില്‍ ഒന്നു മാത്രമാണ് സന്നദ്ധസംഘടന നടത്തുന്നത്. സ്ട്രീറ്റ് ഡോഗ് വാച്ച് അസോസിയേഷന്‍ എന്ന സന്നദ്ധ സംഘടന വിഴിഞ്ഞത്ത് നടത്തുന്നതാണ് ഈ എബിസി കേന്ദ്രം. മറ്റൊരു സംഘടന തിരുവനന്തപുരത്ത് മലയിന്‍കീഴില്‍ നായ്ക്കള്‍ക്ക് ഉള്‍പ്പെടെ അഭയകേന്ദ്രവും ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ചില്‍ ചട്ടങ്ങള്‍ പരിഷ്‌കരിച്ചതോടെ എബിസി കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ കര്‍ശന നടപടിക്രമങ്ങളും ഏറെ പണച്ചെലവും ഉണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ മൃഗസ്‌നേഹി സംഘടനകളുടെ യോഗം വിളിച്ച് അവരുടെ സഹകരണം ആവശ്യപ്പെടാനുള്ള ഒരുക്കത്തിലാണു സര്‍ക്കാര്‍. ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത്, കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ അംഗീകാരവും ഉള്ള മൃഗക്ഷേമ സംഘടനകളെയാണ് സംസ്ഥാന സര്‍ക്കാരും പരിഗണിക്കുക. മന്ത്രി ജെ.ചിഞ്ചുറാണിയുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേരുന്ന സംസ്ഥാന മൃഗക്ഷേമ ബോര്‍ഡിന്റെ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും.
ഇത്തരം സംഘടനകള്‍ എന്തു പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടത്തുന്നതെന്ന കാര്യവും ബോര്‍ഡ് പരിശോധിക്കും. മന്ത്രി അധ്യക്ഷയായ ബോര്‍ഡില്‍ മൃഗസംരക്ഷണ ഡയറക്ടറാണ് കണ്‍വീനര്‍. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങളും ഔദ്യോഗിക അംഗങ്ങളും (എക്‌സ് ഒഫിഷ്യോ) ഉള്‍പ്പെടുന്നതാണ് ബോര്‍ഡ്. മൃഗക്ഷേമ സംഘടനകളുടെ യോഗം വിളിക്കുമെന്ന് മന്ത്രിമാര്‍ പറഞ്ഞതല്ലാതെ ആരും ക്ഷണിച്ചിട്ടില്ലെന്ന് ഒരു മൃഗക്ഷേമ സംഘടനയുടെ പ്രതിനിധി വ്യക്തമാക്കി.