ന്യൂഡല്‍ഹി: ഡല്‍ഹി ഓര്‍ഡിനന്‍സിന്റെ കോപ്പി കത്തിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി ആംആദ്മി പാര്‍ട്ടി. നടപടി നിയമവിരുദ്ധമാണെന്ന ആലോചനയിലാണ് നീക്കത്തില്‍ നിന്ന് പിന്മാറിയത്. ജൂലൈ 3 ന് സെന്‍ട്രല്‍ ഡല്‍ഹിയിലെ പാര്‍ട്ടി ഓഫീസിന് മുന്നില്‍ ഓര്‍ഡിനന്‍സിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയും പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ അറിയിച്ചത്. എന്നാല്‍ തീരുമാനം പിന്‍വലിച്ചതായി വൈകുന്നേരം പാര്‍ട്ടി വാര്‍ത്താക്കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു.
അതിനിടെ ഓര്‍ഡിനന്‍സിനെതിരെ കെജ്രരിവാള്‍ സുപ്രീംകോടതിയെ സമീപിച്ചു. കേന്ദ്രത്തിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും സ്റ്റേ ചെയ്യണമെന്നുമാണ് ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. നിയമവിരുദ്ധമായി ഡല്‍ഹി സര്‍ക്കാരിന് മേല്‍ അധികാരം ഉറപ്പിക്കാനുള്ള ഓര്‍ഡിനന്‍സാണ് കേന്ദ്രം കൊണ്ടുവരുന്നതെന്നാണ് കെജ്രിവാള്‍ പറഞ്ഞു.
ഡല്‍ഹി സര്‍ക്കാരിന്റെ അധികാരം വെട്ടിക്കുറയ്ക്കാന്‍ മെയ് 19നാണ് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഇതേത്തുടര്‍ന്ന് ഓര്‍ഡിനന്‍സിനെതിരെ അരവിന്ദ് കേജ്രിവാള്‍ രാജ്യത്തുടനീളമുള്ള പ്രതിപക്ഷ നേതാക്കളെ കാണുകയും പിന്തുണ തേടുകയും ചെയ്തിരുന്നു. നിരവധി ബിജെപി ഇതര പാര്‍ട്ടികള്‍ വിഷയത്തില്‍ ആം ആദ്മിയെ പിന്തുണച്ചെങ്കിലും കോണ്‍ഗ്രസ് ഇത് വരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
ജൂണ്‍ 23ന് നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് കേജ്രിവാള്‍ അവശ്യപ്പെട്ടങ്കിലും അത് രാഷ്ട്രീയ ചേരിതിരിവിലേക്ക് നീങ്ങിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരെ പിന്തുണ ശേഖരിക്കാനായി മാത്രമാണ് പട്ന യോഗത്തില്‍ പാര്‍ട്ടി പങ്കെടുത്തതെന്നും, ഓര്‍ഡിനന്‍സ് വിഷയം ചര്‍ച്ച ചെയ്താല്‍ ഏത് യോഗത്തിനും പോകുമെന്നും ജനറല്‍ സെക്രട്ടറി സന്ദീപ് പഥക് പറഞ്ഞിരുന്നു. വരാനിരിക്കുന്ന മണ്‍സൂണ്‍ സമ്മേളനത്തില്‍ രാജ്യസഭയില്‍ ഓര്‍ഡിനന്‍സിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് സമ്മതിക്കുന്നത് വരെ ഇത്തരം യോഗങ്ങളില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പട്നയിലെ യോഗം തീര്‍ന്നതിന് തൊട്ട് പിന്നാലെ എ എ പി പ്രസ്താവന ഇറക്കിയിരുന്നു.