കൊട്ടാരക്കര: ഗതാഗതമന്ത്രിയുടെ നാട്ടിൽ ബസ്റ്റോപ്പിൽ കൈകാണിച്ചിട്ടും നിർത്താതെ വിട്ട കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന്റെ ഡ്രൈവറെക്കൊണ്ട് യാത്രക്കാരൻ ഇമ്പോസിഷൻ എഴുതിച്ചു. എം.സി.റോഡില്‍ വാളകം എം.എല്‍.എ. ജംഗ്ഷനിൽ നിര്‍ത്താതെ പോയ പത്തനംതിട്ട ജില്ലയിലെ ഒരു ഡിപ്പോയിലെ ഡ്രൈവറാണ് പരാതി ഒഴിവാക്കുന്നതിനായി ഇമ്പൊസിഷന്‍ എഴുതിയത്.
വെള്ളിയാഴ്ച വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിര്‍ത്താതെ പോയ കോട്ടയത്തേക്കുള്ള ബസിന്റെ ഡ്രൈവര്‍ ആരെന്നറിയാന്‍ യാത്രക്കാരന്‍ ബന്ധപ്പെട്ട ഡിപ്പോയിലേക്കു വിളിച്ചിരുന്നു. രാത്രിയോടെ ഡ്രൈവര്‍ പരാതിക്കാരനെ തിരികെ വിളിച്ചു. എറണാകുളം ജില്ലയില്‍നിന്ന് ഒരാഴ്ചമുമ്പ് ഡിപ്പോയില്‍ എത്തിയ ആളാണെന്നും എം.എല്‍.എ.ജങ്ഷനില്‍ സ്റ്റോപ്പുള്ള വിവരം അറിയില്ലെന്നുമായിരുന്നു വിശദീകരണം.
എന്നാല്‍ എല്ലാ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാരും അറിഞ്ഞിരിക്കേണ്ടതല്ലേ വകുപ്പുമന്ത്രിയുടെ സ്വന്തം നാട്ടിലെയും മുന്‍ വകുപ്പുമന്ത്രി കൂടിയായ ആര്‍.ബാലകൃഷ്ണപിള്ളയുടെയും പേരിലുള്ള എം.എല്‍.എ.ജങ്ഷനിലെ സ്റ്റോപ്പ് എന്നായിരുന്നു യാത്രക്കാരന്റെ മറുചോദ്യം.
ഉന്നതങ്ങളിലേക്കു പരാതി പോകാതിരിക്കാന്‍ എന്തു വേണമെന്നായി ഡ്രൈവര്‍. വാളകം എം.എല്‍.എ.ജങ്ഷനില്‍ സൂപ്പര്‍ ഫാസ്റ്റിന് സ്റ്റോപ്പുണ്ടെന്ന് 50 തവണ ഇമ്പൊസിഷന്‍ എഴുതി വാട്‌സാപ്പില്‍ ഇടാനായിരുന്നു പരാതിക്കാരന്റെ മറുപടി. അധികം വൈകാതെതന്നെ ഇമ്പൊസിഷന്‍ വാട്‌സാപ്പിലെത്തി.