എല്ലാ ഓണസമയവും മറക്കാനാകാത്തതാണ്. പലപ്പോഴും പല രീതിയില്‍ ആയിരുന്നു ഓണം ആഘോഷിച്ചിരുന്നത്. കുട്ടിക്കാലത്തൊക്കെ സദ്യകഴിക്കുന്നതിനോടായിരുന്നു ഒരുപാടിഷടം. ഞങ്ങള്‍ കര്‍ണാടകക്കാരായതുകൊണ്ടും മംഗലാപുരത്ത് നിന്ന് വന്നു താമസിക്കുന്നവരായതുകൊണ്ടും ഞങ്ങള്‍ക്ക് ചുറ്റുമുള്ള മലയാളികളെല്ലാവരും അവരുടെ വീടുകളില്‍ നിന്നുള്ള വിഭവങ്ങള്‍ ഞങ്ങള്‍ക്ക് അയച്ചുതരും. അവസാനം എന്റെ വീട്ടിലായിരിക്കും ഏറ്റവും വലിയ സദ്യ. കാരണം ഞങ്ങളോട് അവര്‍ക്ക് അത്രയ്ക്ക് ഇഷ്ടമാണ്. ഞങ്ങളും അവര്‍ക്ക് തിരിച്ച് മാംഗ്‌ളൂര്‍ ഫുഡും മറ്റും അയച്ചുകൊടുക്കാറുണ്ട്. പായസം, കാളന്‍, ഓലന്‍ തുടങ്ങി ഏറ്റവും വലിയ സദ്യ മലയാളികളല്ലാത്ത ഞങ്ങളുടെ വീട്ടിലായിരിക്കും. വിവാഹംകഴിച്ചത് മലയാളിയെ ആയതുകൊണ്ട് ഓണസമയത്ത് ഞാന്‍ പാലക്കാടുണ്ടെങ്കില്‍ ഉഗ്രന്‍ സദ്യ കഴിക്കാന്‍ പറ്റുമെന്നുള്ളത് 100 ശതമാനം ഉറപ്പാണ്. എന്റെ ഭാര്യ അനിതയുടെ അമ്മ ഞങ്ങളുടെ വീടിനടുത്ത് തന്നെയാണ് താമസിക്കുന്നത്. അപ്പോ തിരുവോണദിവസം ഞാനും ഭാര്യയും മക്കളും എന്റെ അച്ഛനും അമ്മയുെമല്ലാം അവിടേക്ക് ചെന്ന് ഓണം പൊടിപൊടിക്കും.
അഭിനയരംഗത്തേക്ക് പ്രവേശിച്ചതില്‍ പിന്നെ ലൊക്കേഷനുകളിലായിരുന്നു മിക്കവാറും ഓണം ആഘോഷിച്ചിരുന്നത്. എങ്കിലും മറക്കാനാകാത്ത ഒരോണാഘോഷം എന്ന്് പറയുന്നത് 2015-ല്‍ ഞങ്ങള്‍ ഒരു അമേരിക്കന്‍ ഷോയില്‍ പോയിരുന്നു. സത്യം പറഞ്ഞാല്‍ ഓണസമയം അമേരിക്കയില്‍ ആയിപ്പോയി. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ന്യൂയോള്‍ക്ക് മലയാളി അസോസിയേഷന്‍ നടത്തുന്ന ഷോയില്‍ പെര്‍ഫോം ചെയ്യാന്‍ വേണ്ടിയാണ് അവിടെ പോയത്. ഒരു സദ്യയില്‍ ഓണം ഒതുങ്ങിപ്പോകുമല്ലോ എന്ന സങ്കടമുണ്ടായിരുന്നു എനിക്ക്. എന്നാല്‍ ഷോ അവതരിപ്പിക്കുന്ന സ്ഥലത്ത് ഞങ്ങള്‍ ചെല്ലുമ്പോള്‍ ശരിക്കും ഞെട്ടിപ്പോയി.
ഭാര്യ അനിതയ്‌ക്കൊപ്പം രാജേഷ് ഹെബ്ബാര്‍
കാരണം സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം എല്ലാവരും കേരളീയ വേഷങ്ങളില്‍ നില്‍ക്കുന്നു. ഒരു ഭാഗത്ത് പല ഡിസൈനുകളിലുള്ള വിവിധതരം പൂക്കളങ്ങള്‍ ഒരുക്കിയിരിക്കുന്നു. മറ്റൊരു ഭാഗത്ത് സ്ത്രീകളുടെ കൈകൊട്ടിക്കളി നടക്കുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ വാദ്യമേളങ്ങളോടെ മാവേലിതമ്പുരാനെ വരവേല്‍ക്കാനുള്ള തയാറെടുപ്പുകള്‍.. പിന്നെയങ്ങോട്ട് ആഘോഷത്തിന്റെ ഒരു മേളം തന്നെയായിരുന്നു. സത്യം പറഞ്ഞാല്‍ നമ്മള്‍ നാട്ടില്‍ എത്രത്തോളം വിപുലമായി ആഘോഷിക്കുമോ, അതുപോലെ മനോഹരമായിരുന്നു അവിടുത്തെ ഓണാഘോഷം. കുറച്ചുനേരത്തേക്ക് അത് അമേരിക്ക ആണെന്നുള്ളത് പോലും മറന്നുപോയി. നാട്ടിലുള്ളതിനേക്കാള്‍ കൂടുതല്‍ വിഭവങ്ങളും രണ്ടില്‍ കൂടുതല്‍ പായസവുമൊക്കെയായി കെങ്കേമമായിരുന്നു അവിടത്തെ ഓണസദ്യ. അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്്. ഞങ്ങള്‍ അവിടെ അവതരിപ്പിച്ച ഷോയും വലിയ വിജയമായിരുന്നു. ടെക്സസ്, ഫ്ളോറിഡ, സാന്‍ഫ്രാന്‍സിസ്‌കോ എന്നിവിടങ്ങളിലൊക്കെ ഞങ്ങള്‍ ആ സമയത്തൊക്കെ ഷോ അവതരിപ്പിക്കാന്‍ പോയിരുന്നു. ഓണക്കാലമായതിനാല്‍ അവിടെയുള്ള മലയാളികള്‍ ഞങ്ങളെ വരവേല്‍ക്കാന്‍ വന്നു.
അവരോട് വിശേഷങ്ങള്‍ പങ്കുവെച്ചു. എന്തിരുന്നാലും ന്യൂയോര്‍ക്കിലെ ഓണാഘോഷവും സദ്യയും ജീവിതത്തില്‍ എനിക്ക് ഒരിക്കലും മറക്കാന്‍ സാധിക്കില്ല. ഇത്തവണത്തെ ഓണം എനിക്ക് കുറച്ച് സ്‌പെഷ്യലാണ്. കാരണം ഉപ്പും മുളകും എന്ന ജനപ്രയ സീരിയലില്‍ രാംകുമാര്‍ എന്ന നര്‍മ്മരസപ്രധാനമായ കഥാപാത്രം ജനങ്ങളിലേക്ക് എത്തപ്പെട്ടതിന്റെ സന്തോഷത്തിലാണ് ഞാന്‍. ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയില്‍ ഞാന്‍ ചെയ്ത കോമഡി കഥാപാത്രം എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. അതിനുശേഷം ഒരിടത്തൊരിടത്ത് എന്ന സീരിയലിലും മുഴുനീള ഹാസ്യവേഷമായിരുന്നു കൈകാര്യം ചെയ്തത്. എന്നാല്‍ പിന്നീട് വില്ലന്‍ റോളുകള്‍ ഒന്നിനുപിറകെ ഒന്നായി എന്നെ തേടിയെത്തിയപ്പോള്‍ അതിലേക്ക് ശ്രദ്ധ തിരിഞ്ഞു. ഇപ്പോഴിതാ രാംകുമാര്‍ എന്ന കോമഡി റോള്‍ ചെയ്ത് എല്ലാവരെയും ചിരിപ്പിച്ചുകൊണ്ടാണ് ഞാനെന്റെ ഓണം ആഘോഷിക്കുന്നത്. ആ സന്തോഷം എന്നും നിലനില്‍ക്കട്ടെ..