സീറ്റില്ലെന്ന് പരാതി, പക്ഷെ ഒഴിഞ്ഞുകിടന്നത് അരലക്ഷത്തിലേറെ സീറ്റുകൾ! കഴിഞ്ഞ അധ്യയനവർഷത്തെ പ്ലസ് വൺ അഡ്മിഷൻ കണക്കുകൾ പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി പ്രവേശനത്തിൽ കഴിഞ്ഞ അധ്യയനവർഷം 52,000ത്തിലേറെ പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞുകിടന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. മെറിറ്റ്, മാനേജ്‌മെന്റ്, അൺഎയ്ഡഡ് വിഭാഗങ്ങളിലായി ആകെ 52,209 സീറ്റുകളിലാണ് വിദ്യാർഥികൾ പ്രവേശനം നേടാതിരുന്നത്.
മെറിറ്റ് വിഭാഗത്തിൽ മാത്രം 19,758 സീറ്റുകൾ ഒഴിവായി. ജില്ലകളിൽ ഏറ്റവും കൂടുതൽ മെറിറ്റ് സീറ്റുകൾ ഒഴിഞ്ഞുകിടന്നത് കൊല്ലത്താണ്. ഇവിടെ 2,339 സീറ്റുകളാണ് ഒഴിവായത്. പത്തനംതിട്ടയിൽ 2,275 സീറ്റുകളും ആലപ്പുഴയിൽ 2,099 സീറ്റുകളും കോട്ടയത്ത് 1,928 സീറ്റുകളും ഒഴിഞ്ഞുകിടന്നു.
മാനേജ്‌മെന്റ് ക്വോട്ടയിൽ 4,323 സീറ്റുകളും അൺഎയ്ഡഡ് സ്കൂളുകളിൽ 28,128 സീറ്റുകളും ഒഴിവായി. ഇതോടെയാണ് ആകെ ഒഴിവുകളുടെ എണ്ണം 52,209 ആയി ഉയർന്നത്.
കഴിഞ്ഞ വർഷം പ്ലസ് വൺ പ്രവേശനത്തിനായി 4,79,749 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ മെറിറ്റ് വിഭാഗത്തിൽ 3,03,345 പേർക്കും മാനേജ്‌മെന്റ് വിഭാഗത്തിൽ 34,635 പേർക്കും അൺഎയ്ഡഡ് സ്കൂളുകളിൽ 25,527 പേർക്കും പ്രവേശനം ലഭിച്ചു.
ആകെ 3,63,507 വിദ്യാർഥികളാണ് പ്ലസ് വൺ പ്രവേശനം നേടിയത്.
അൺഎയ്ഡഡ് വിഭാഗത്തിൽ ഏറ്റവും കൂടുതൽ ഒഴിവ് റിപ്പോർട്ട് ചെയ്തത് മലപ്പുറം ജില്ലയിലാണ്. ഇവിടെ 5,565 സീറ്റുകളാണ് ഒഴിഞ്ഞുകിടന്നത്. തിരുവനന്തപുരം, തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിലും വലിയ തോതിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തു.
വിദ്യാർഥികളുടെ കോഴ്‌സ് തിരഞ്ഞെടുപ്പിലുണ്ടാകുന്ന മാറ്റം, അൺഎയ്ഡഡ് സ്ഥാപനങ്ങളോടുള്ള താൽപര്യക്കുറവ്, തൊഴിൽധിഷ്ഠിത പഠനങ്ങളിലേക്കുള്ള വർധിച്ച പ്രവണത എന്നിവയാണ് സീറ്റുകൾ ഒഴിഞ്ഞുകിടക്കാനുള്ള പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.
English Summary
More than 52,000 Plus One seats remained vacant in Kerala during the previous academic year, according to official figures. The highest number of vacant merit seats was reported in Kollam, while Malappuram recorded the largest number of unfilled seats in the unaided category.









