അമേരിക്കയെ ഞെട്ടിച്ച് വൈറ്റ് ഹൗസിന് മുന്നിൽ വെടിയൊച്ച! അക്രമിയടക്കം രണ്ടുപേർക്ക് പരിക്ക്; ട്രംപ് സുരക്ഷിതനെന്ന് റിപ്പോർട്ട്
വാഷിങ്ടൺ: വൈറ്റ് ഹൗസിന് സമീപം ശനിയാഴ്ച വൈകുന്നേരം വെടിവെയ്പ്പ് ഉണ്ടായതായി റിപ്പോർട്ട്. വൈറ്റ് ഹൗസ് സമുച്ചയത്തിന് പുറത്തുള്ള 17-ാം സ്ട്രീറ്റും പെൻസിൽവാനിയ അവന്യൂ നോർത്ത് വെസ്റ്റും ചേരുന്ന ഭാഗത്താണ് സംഭവം നടന്നത്.
അമേരിക്കൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. വെടിവെപ്പ് നടത്തിയതായി സംശയിക്കുന്ന അക്രമിക്കും പരിക്കേറ്റതായും ഇയാളെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയതായും അമേരിക്കൻ നിയമപാലകർ അറിയിച്ചു. അക്രമിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
സംഭവസമയം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിനുള്ളിലുണ്ടായിരുന്നു. ഇറാനുമായുള്ള കരാർ ചർച്ചകളുമായി ബന്ധപ്പെട്ട് അദ്ദേഹം ഓഫീസിൽ തുടരുന്നതിനിടെയായിരുന്നു വെടിവെയ്പ്പ് ഉണ്ടായത്. പ്രസിഡന്റിന് സുരക്ഷാ ഭീഷണിയില്ലെന്നും അദ്ദേഹം സുരക്ഷിതനാണെന്നും അധികൃതർ അറിയിച്ചു.
സംഭവത്തെ തുടർന്ന് എഫ്.ബി.ഐ സംഘം സ്ഥലത്തെത്തി സീക്രട്ട് സർവീസിന് സഹായം നൽകി. അന്വേഷണം പുരോഗമിക്കുകയാണെന്ന് എഫ്.ബി.ഐ ഡയറക്ടർ കാഷ് പട്ടേൽ വ്യക്തമാക്കി.
വെടിവെയ്പ്പിനെ തുടർന്ന് പ്രദേശത്ത് ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പിന്നീട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതോടെ വൈറ്റ് ഹൗസിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു.
ഒരു മാസം മുമ്പ് വാഷിങ്ടണിലെ ഹിൽട്ടൺ ഹോട്ടലിൽ നടന്ന വൈറ്റ് ഹൗസ് മാധ്യമപ്രവർത്തക വിരുന്നിനിടെയും സമാനമായ സുരക്ഷാ ആശങ്ക ഉയർന്നിരുന്നു.
English Summary
A shooting near the White House in Washington, D.C. injured two people, including the suspected attacker, who was taken into custody. President Donald Trump, who was inside the White House during the incident, was reported safe. Authorities, including the FBI and Secret Service, are investigating the matter.









