ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018’ 200 കോടി ക്ലബ്ബില്‍. കേരളീയര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ‘2018’ എന്ന വര്‍ഷവും ആ വര്‍ഷത്തില്‍ നമ്മളെ തേടിയെത്തിയ പ്രളയമെന്ന മഹാമാരിയും പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരു നേര്‍ക്കാഴ്ചയെന്നോണം അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ മലയാളികളുടെ മനോധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഒത്തൊരുമയുടെയും കഥയാണ് ദൃശ്യാവിഷ്‌ക്കരിച്ചിരിക്കുന്നത്.
ഇരുന്നൂറു കോടി നേടുന്ന ആദ്യ മലയാള ചിത്രമാണ് ‘2018’.
സിനിമയുടെ നിര്‍മാതാവായ വേണു കുന്നപ്പിള്ളിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പത്തു ദിവസം കൊണ്ടാണ് ചിത്രം നൂറുകോടി ക്ലബ്ബില്‍ ഇടംപിടിച്ചത്. തിയറ്ററുകളില്‍ വമ്പന്‍ പ്രദര്‍ശന വിജയം നേടിയ ചിത്രം ജൂണ്‍ 7 മുതല്‍ സോണി ലിവ്വിലൂടെ സ്ട്രീമിങ് ആരംഭിച്ചിരുന്നു.
ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്‍, ലാല്‍, നരേന്‍, അപര്‍ണ ബാലമുരളി, അജു വര്‍ഗീസ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ വേഷമിടുന്നത്. അഖില്‍ പി. ധര്‍മജന്‍ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് അഖില്‍ ജോര്‍ജാണ്. ചമന്‍ ചാക്കോ ചിത്രസംയോജനം. നോബിന്‍ പോളിന്റേതാണ് സംഗീതം. വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈന്‍. ക്യാവ്യാ ഫിലിംസ്, പി.കെ പ്രൈം പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ വേണു കുന്നപ്പള്ളി, സി.കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവരാണ് നിര്‍മാണം.