ന്യൂഡല്‍ഹി: ജി20 സമ്മേളത്തിന് ഒരുങ്ങിയ ഡല്‍ഹിയുടെ സുരക്ഷയ്ക്കായി അണിനിരക്കുന്നത് 1,30,000 സുരക്ഷാ ഭടന്മാര്‍. 80,000 ഡല്‍ഹി പൊലീസ് സേനാംഗങ്ങള്‍ ഉള്‍പ്പെടെയാണിത്. വ്യോമ പ്രതിരോധത്തിനുള്ള എല്ലാ സംവിധാനങ്ങളും വിന്യസിച്ച് കഴിഞ്ഞതായി വ്യോമസേന വക്താവ് അറിയിച്ചു. വ്യോമസേന, കരസേന, അര്‍ധസൈനിക വിഭാഗങ്ങള്‍, ഡല്‍ഹി പൊലീസ് എന്നിവരുടെ കര്‍ശന നിരീക്ഷണത്തിലാണ് നഗരം. ആന്റി ഡ്രോണ്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടെ തയാറായിക്കഴിഞ്ഞു. 400 അഗ്‌നിശമന സേനാംഗങ്ങളും ഏതു സാഹചര്യത്തെയും നേരിടാന്‍ തയാര്‍. സെപ്റ്റംബര്‍ 9, 10 തീയതികളിലാണു സമ്മേളനം.
പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തില്‍ പ്രത്യേക സെക്യൂരിറ്റി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെ വിവിഐപികള്‍ താമസിക്കുന്ന ഐടിസി മൗര്യയില്‍ അടക്കം എല്ലാ ഹോട്ടലുകളിലും കര്‍ശന സുരക്ഷ ഒരുക്കി. 45,000 പൊലീസുകാരും കേന്ദ്രസേന വിഭാഗങ്ങളും കാക്കിക്കു പകരം നീല യൂണിഫോമാണ് ധരിക്കുന്നത്. ഇതില്‍ ശത്രുഹെലികോപ്റ്ററുകള്‍ വെടിവച്ച് വീഴ്ത്താന്‍ പ്രത്യേക പരിശീലനം നേടിയവരും ഡ്രൈവിങ് വൈദഗ്ധ്യവുമുള്ള വ്യക്തിഗത സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ട്.
സമ്മേളനത്തിന് എത്തുന്ന ലോകനേതാക്കള്‍ക്കു വേദിയിലേക്കു പോകാനും വരാനും 20 ബുള്ളറ്റ് പ്രൂഫ് കാറുകള്‍ സജ്ജമാക്കി. സമ്മേളനം നടക്കുന്ന ദിവസങ്ങളില്‍ ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തും. നഗരത്തിലേക്കുള്ള പ്രവേശനത്തിനു നിയന്ത്രണവും ഏര്‍പ്പെടുത്തും. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ നഗരത്തിലേക്കു കടക്കാതിരിക്കാന്‍ എഐ റിസര്‍ച് സംവിധാനമുള്ള സിസിടിവി ക്യാമറകളും അതിര്‍ത്തിയില്‍ സ്ഥാപിച്ചു. ജി20 നേതാക്കള്‍ താമസിക്കുന്ന ഐടിസി മൗര്യ, താജ് ഹോട്ടലുകളിലും കഴിഞ്ഞ ദിവസങ്ങളില്‍ സുരക്ഷാ പരിശോധന നടന്നു.