ന്യൂഡൽഹി : ഇന്ത്യയുടെ അഭിമാനമാകാൻ ഒരുങ്ങുന്നത് 10 എക്സ്പ്രസ് വേകൾ. റോഡ് യാത്രയെ പൂർണ്ണമായും മാറ്റി മറിയ്‌ക്കുന്ന പുതിയ പദ്ധതികളാണ് ഇവ. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് രാജ്യത്തിന്റെ മുഖംമാറ്റാൻ പോന്ന പദ്ധതികൾ വരുന്നത്.
ഡൽഹി-മുംബൈ എക്സ്പ്രസ് വേ; 1,386 കിലോമീറ്റർ ദൈർഘ്യമുണ്ട്. രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം 12 മണിക്കൂറായി കുറയ്‌ക്കാനാകുന്ന പദ്ധതിയാണിത് . ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ദാദ്ര ആൻഡ് നഗർ ഹവേലി, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഇത് കടന്നു പോകുക.
വാരണാസി-റാഞ്ചി-കൊൽക്കത്ത എക്‌സ്പ്രസ് വേ: ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലൂടെ കടന്നുപോകും . 612 കിലോമീറ്റർ ദൈർഘ്യമുള്ള പ്രവേശന നിയന്ത്രിത ഇടനാഴിയാകുമിത് . ഇതു വഴി വാരണാസി-റാഞ്ചി-കൊൽക്കത്ത യാത്രാ സമയം 15 മണിക്കൂറിൽ നിന്ന് 9 മണിക്കൂറായി കുറയും .
ഹൈദരാബാദ്-വിശാഖപട്ടണം എക്സ്പ്രസ് വേ: തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലൂടെ കടന്നു പോകുന്ന ഇതിന് 222 കിലോമീറ്റർ ദൈർഘ്യമാണിതിനുള്ളത് .
ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേ: സഹാറൻപൂർ വഴിയുള്ള ഡൽഹി-ഡെറാഡൂൺ എക്‌സ്‌പ്രസ് വേയും പ്രവേശന നിയന്ത്രിത ഇടനാഴിയാണ് ഇത്. 239 കിലോമീറ്റർ ദൈർഘ്യമുണ്ട്. ഈ എക്സ്പ്രസ് വേ വരുന്നതോടെ ഡൽഹി-ഡെറാഡൂൺ യാത്രാ സമയം 2.5 മണിക്കൂറായി കുറയും . രാജാജി നാഷണൽ പാർക്കിന്റെ ഇക്കോ സെൻസിറ്റീവ് സോണിലൂടെയാണ് ഇത് കടന്നുപോകുന്നത്. 340 മീറ്റർ ദത്ത് കാലി തുരങ്കം ഉൾപ്പെടുന്ന 12 കിലോമീറ്റർ എലിവേറ്റഡ് വന്യജീവി ഇടനാഴിയാണ് നിർമിക്കുന്നത്. ചുറ്റുമുള്ള വന്യജീവികളെ സംരക്ഷിക്കാനാണ് തുരങ്കം നിർമ്മിക്കുന്നത്.
സൂറത്ത്-നാസിക്-സോലാപൂർ എക്സ്പ്രസ് വേ: ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലൂടെയാണ് കടന്നുപോകുന്നത് . 730 കിലോമീറ്റർ ദൈർഘ്യമാണിതിനുള്ളത് .
ഡൽഹി-അമൃത്സർ-കത്ര എക്സ്പ്രസ് വേ: ഡൽഹിയും കത്രയും തമ്മിലുള്ള യാത്രാസമയം 6 മണിക്കൂറായി കുറയ്‌ക്കാൻ സഹായിക്കുന്ന പദ്ധതിയാണിത് . ഡൽഹി, ഹരിയാന, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലൂടെയാകും ഇത് കടന്നു പോകുക.
ഇൻഡോർ-ഹൈദരാബാദ് എക്സ്പ്രസ് വേ: ഇൻഡോർ മുതൽ ഹൈദരാബാദ് വരെയുള്ള അതിവേഗ പാത മധ്യപ്രദേശ്, മഹാരാഷ്‌ട്ര, തെലങ്കാന എന്നിവിടങ്ങളിലൂടെയാകും കടന്നു പോകുക . 525 കിലോമീറ്റർ ദൂരമാണ് ഈ എക്സ്പ്രസ് വേ നീണ്ടുകിടക്കുന്നത്.
കാൺപൂർ-ലക്‌നൗ എക്‌സ്പ്രസ് വേ: കാൺപൂർ മുതൽ ലക്നൗ വരെയുള്ള എക്‌സ്‌പ്രസ്‌വേയ്‌ക്ക് 63 കിലോമീറ്റർ ദൈർഘ്യമാണുള്ളത് .
അമൃത്സർ-ഭട്ടിൻഡ-ജാംനഗർ എക്സ്പ്രസ് വേ: ഈ എക്സ്പ്രസ് വേയ്‌ക്ക് 917 കിലോമീറ്റർ ദൈർഘ്യമുണ്ട് . പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലൂടെയാണ് ഈ എക്സ്പ്രസ് വേ കടന്നുപോകുന്നത്.
ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം വെറും 2 മണിക്കൂറായി കുറയ്‌ക്കുന്ന പദ്ധതിയാണിത് . 262 കിലോമീറ്റർ ദൂരത്തിൽ നീണ്ടുകിടക്കുന്നതാണ് ഈ എക്സ്പ്രസ് വേ.