ചെന്നൈ: സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉയര്‍ത്തിയ കുറഞ്ഞ വിജയലക്ഷ്യം 8 പന്തുകള്‍ ശേഷിക്കെ മറികടന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഋതുരാജ് ഗെയ്ക്വാദ് – ഡെവോണ്‍ കോണ്‍വെ ഓപ്പണിങ് കൂട്ടുകെട്ടിന്റെ മികവിലാണ് ചെന്നൈ വിജയമുറപ്പിച്ചത്. 7 വിക്കറ്റിനാണ് ചെന്നൈയുടെ ജയം. കോണ്‍വെ പുറത്താകാതെ 77 റണ്‍സും ഗെയ്ക്വാദ് 35 റണ്‍സുമെടുത്തു. സ്‌കോര്‍: ഹൈദരാബാദ് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ്. ചെന്നൈ 18.4 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ്. ഇതോടെ 6 മത്സരങ്ങളില്‍ നിന്ന് 4 ജയവും 2 തോല്‍വിയുമുള്‍പ്പെടെ 8 പോയിന്റ് നേടിയ ചെന്നൈ, പോയിന്റ് അടിസ്ഥാനത്തില്‍ രാജസ്ഥാന്‍ റോയല്‍സ്, ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവര്‍ക്കൊപ്പമെത്തിയെങ്കിലും റണ്‍റേറ്റ് പ്രകാരം മൂന്നാം സ്ഥാനത്താണ്.
ഹൈദരാബാദ് ഉയര്‍ത്തിയ 135 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച ചെന്നൈയ്ക്ക് ഋതുരാജ് ഗെയ്ക്വാദ് – ഡെവോണ്‍ കോണ്‍വെ കൂട്ടുകെട്ട് മികച്ച തുടക്കമാണ് നല്‍കിയത്. 10 ാം ഓവറിലെ അഞ്ചാം പന്തില്‍ ഡെവോണ്‍ കോണ്‍വെ അര്‍ധ സെഞ്ചറി പൂര്‍ത്തിയാക്കി. 33 പന്തിലാണ് കോണ്‍വെ അര്‍ധശകം തികച്ചത്. 10 ഓവര്‍ പിന്നിട്ടപ്പോള്‍ ചെന്നൈ ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സ് എന്ന നിലയിലായിരുന്നു.
11 ാം ഓവറിലെ അവസാന പന്തില്‍ ഋതുരാജ് ഗെയ്ക്വാദ് പുറത്തായി. 30 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത ഗെയ്ക്വാദിനെ ഉമ്രാന്‍ മാലിക് റണ്ണൗട്ടാക്കുകയായിരുന്നു. വിക്കറ്റ് നഷ്ടമായതോടെ ചെന്നൈ ബാറ്റിങ്ങിന്റെ വേഗം കുറഞ്ഞു. 15 ാം ഓവറില്‍ അജിന്‍ക്യ രഹാനെ (9 റണ്‍സ്) പുറത്തായി. രഹാനെയെ മയാങ്ക് മാര്‍ക്കണ്ഡെയുടെ ബോളിങ്ങില്‍ എയ്ഡന്‍ മാര്‍ക്രം ക്യാച്ചെടുക്കുകയായിരുന്നു. ടീം സ്‌കോര്‍ 122 റണ്‍സില്‍ എത്തിനില്‍ക്കെ അമ്പാട്ടി റായുഡു(9 റണ്‍സ്)വിനെ മയാങ്ക് മാര്‍ക്കണ്ഡെ ബൗള്‍ഡാക്കി. 18.4 പന്തില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ വിജയലക്ഷ്യം മറികടന്നു. 57 പന്തില്‍ ഒരു സിക്‌സും 12 ഫോറുമുള്‍പ്പെടെ 77 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയും 6 റണ്‍സെടുത്ത മൊയീന്‍ അലിയും പുറത്താകാതെ നിന്നു. ഹൈദരാബാദിനു വേണ്ടി മയാങ്ക് മാര്‍ക്കണ്ഡെ രണ്ടു വിക്കറ്റ് വീഴ്ത്തി.
നേരത്തെ മികച്ച തുടക്കമിട്ട ഹൈദരാബാദ് ബാറ്റര്‍മാരെ രവീന്ദ്ര ജഡേജയുടെ നേതൃത്വത്തില്‍ ബോളര്‍മാര്‍ എറിഞ്ഞൊതുക്കുകയായിരുന്നു. ഇതോടെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുക്കാനെ സാധിച്ചുള്ളു. 34 റണ്‍സെടുത്ത ഓപ്പണര്‍ അഭിഷേക് ശര്‍മയാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. ചെന്നൈയ്ക്കു വേണ്ടി രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റും ആകാശ് സിങ്, മഹീഷ് തീക്ഷണ, മതീഷ പതിറാണ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. അഞ്ചാം ഓവറില്‍ ഓപ്പണര്‍ ഹാരി ബ്രൂക്കിനെ ആകാശ് സിങ്ങിന്റെ ബോളിങ്ങില്‍ ഋതുരാജ് ഗെയ്ക്വാദ് ക്യാച്ചെടുത്ത് പുറത്താക്കി. ടീം സ്‌കോര്‍ 71 ല്‍ എത്തിനില്‍ക്കെ 34 റണ്‍സെടുത്ത അഭിഷേക് ശര്‍മയെ രവീന്ദ്ര ജഡേജ പുറത്താക്കി.
മികച്ച സ്‌കോറിലേക്ക് എന്ന് ഇന്നിങ്‌സിന്റെ ആദ്യ പകുതി പിന്നിടുമ്പോള്‍ തോന്നിപ്പിച്ച സണ്‍റൈസേഴ്സിന്, പിന്നാലെ തുടരെ വിക്കറ്റുകള്‍ വീണതോടെ മത്സരത്തിന്റെ നിയന്ത്രണം നഷ്ടമാകുന്നതാണ് കണ്ടത്. 12 ാം ഓവറില്‍ രവീന്ദ്ര ജഡേജയുടെ ബോളിങ്ങില്‍ ആകാശ് സിങ് ക്യാച്ചെടുത്ത് രാഹുല്‍ ത്രിപാഠി (21 റണ്‍സ്) മടങ്ങി. നായകന്‍ എയ്ഡന്‍ മാര്‍ക്രം സ്‌കോര്‍ (12 റണ്‍സ്) ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും മഹീഷ് തീക്ഷണയുടെ ബോളിങ്ങില്‍ വിക്കറ്റിനു പിന്നില്‍ ചെന്നൈ നായകന്‍ ധോണിയുടെ കൈകളിലൊതുങ്ങി.
നാലു പന്തുകള്‍ നേരിട്ട് രണ്ടു റണ്‍സ് മാത്രം നേടിയ മയാങ്ക് അഗര്‍വാളിനെ രവീന്ദ്ര ജഡേജയുടെ ബോളിങ്ങില്‍ ധോണി സ്റ്റംമ്പ് ചെയ്തു പുറത്താക്കി. ഹെന്റിച്ച് ക്ലാസനെ (17 റണ്‍സ്) മതീഷ പതിറാണയുടെ പന്തില്‍ ഋതുരാജ് ഗെയ്ക്വാദ് ക്യാച്ചെടുത്ത് മടക്കി. ഇന്നിങ്‌സിലെ അവസാന പന്തില്‍ വാഷിങ്ടന്‍ സുന്ദര്‍ (9 റണ്‍സ്) റണ്ണൗട്ടായി. മാര്‍ക്കോ ജാന്‍സെന്‍ 17 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
![1](https://news4media.in/wp-content/uploads/2023/04/1-10.jpg)