കുളു: കനത്ത മഴയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലുണ്ടായ മണ്ണിടിച്ചിലില്‍ 9 കെട്ടിടങ്ങള്‍ തകര്‍ന്നു. ഇന്നലെ മാത്രം 12 മരണങ്ങള്‍കൂടി റിപ്പോര്‍ട്ട് ചെയ്തു. നാനൂറിലധികം റോഡുകള്‍ തകര്‍ന്ന് ഗതാഗതം മുടങ്ങി. കഴിഞ്ഞ രാത്രിയിലെ കനത്ത മഴയിലും നിരവധി വീടുകള്‍ തകര്‍ന്നു. അടുത്ത 24 മണിക്കൂറില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഷിംല ഉള്‍പ്പെടെ 12 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
കുളു അന്നി പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. നിരവധി കെട്ടിടങ്ങള്‍ തകരുകയും നൂറോളം വാഹനങ്ങള്‍ ഒലിച്ചുപോകുകയും ചെയ്തു. ആരും അപകടത്തില്‍പ്പെട്ടില്ലെന്നാണ് പ്രാഥമിക വിവരം. സ്ഥലം വിട്ടുപോകണമെന്ന് ഇവിടുത്തെ താമസക്കാര്‍ക്ക് ഒരാഴ്ച മുന്‍പ് തന്നെ നിര്‍ദേശം നല്‍കിയിരുന്നു. കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
മണ്ഡിയിലേക്കുള്ള റോഡ് തകര്‍ന്നതോടെ പത്ത് കിലോമീറ്ററിലധികം ദൂരത്തില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടന്നു. മണിക്കൂറുകളോളം റോഡില്‍ കിടക്കേണ്ടി വന്നവര്‍ക്ക് വെള്ളവും ഭക്ഷണവും ലഭിക്കാത്ത സ്ഥിതിയായിരുന്നു. മണ്ഡി ജില്ലയിലുണ്ടായ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ച് പേര്‍ മരിച്ചതെന്ന് ഡപ്യൂട്ടി കമ്മിഷണര്‍ അരിന്ദം ചൗധരി പറഞ്ഞു.
ജൂണ്‍ 24 മുതല്‍ മഴക്കെടുതിയില്‍ ഇതുവരെ 238 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. 40 പേരെ കാണാതായി. ഈ മാസം മാത്രം 120 പേര്‍ മരിച്ചുവെന്നും അധികൃതര്‍ അറിയിച്ചു.