ന്യൂഡല്‍ഹി: വരാനിരിക്കുന്ന സുദിര്‍മാന്‍ കപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വനിതാ ടീമിനെ പി.വി.സിന്ധുവും പുരുഷ ടീമിനെ മലയാളി താരം എച്ച്.എസ്.പ്രണോയിയും നയിക്കും.
മേയ് 14 മുതല്‍ 21 വരെ ചൈനയിലെ സുഷോയില്‍ വെച്ചാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഗ്രൂപ്പ് സിയിലാണ് ഇന്ത്യ മത്സരിക്കുന്നത്. മലേഷ്യ, ചൈനീസ് തായ്പേയ്, ഓസ്ട്രേലിയ എന്നീ ടീമുകളാണ് ഗ്രൂപ്പിലുള്ളത്.
പുരുഷ ഡബിള്‍സില്‍ മെഡല്‍ പ്രതീക്ഷയായ സാത്വിക് സായ്രാജ് റങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും എം.ആര്‍ അര്‍ജുന്‍-ധ്രുവ് കപില സഖ്യവും മത്സരിക്കും. മിക്സഡ് ഡബിള്‍സില്‍ തനിഷ കാസ്ട്രോ-സായ് പ്രതീക് സഖ്യമാണ് ഇന്ത്യയ്ക്ക് വേണ്ടി മത്സരിക്കുന്നത്.
ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ പുരുഷ ടീം തോമസ് കപ്പ് വിജയിച്ച് ചരിത്രം കുറിച്ചിരുന്നു. സുദിര്‍മാന്‍ കപ്പില്‍ ഇത്തവണ ശക്തമായ ടീമിനെയാണ് ഇന്ത്യ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവായ സൈനാ നേവാള്‍ ടീമിലില്ല.
പുരുഷ സിംഗിള്‍സില്‍ എച്ച്.എസ്.പ്രണോയിയും കിഡംബി ശ്രീകാന്തുമാണ് മത്സരിക്കുന്നത്. ലക്ഷ്യ സെന്‍ റിസര്‍വ് താരമായിരിക്കും. വനിതാ സിംഗിള്‍സില്‍ പി.വി സിന്ധുവിന് പുറമേ അനുപമ ഉപധ്യായയും മത്സരിക്കും. ആകര്‍ഷി കശ്യപ് റിസര്‍വ് താരമാണ്.