ന്യുഡല്‍ഹി: ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനായി അക്ഷീണം പ്രവര്‍ത്തിക്കാന്‍ രാജ്യം തയ്യാറെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എത്രമാത്രം വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യങ്ങള്‍ വന്നുചേര്‍ന്നാലും പുതിയ കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ രാജ്യത്തിന് ധൈര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വിഭജിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ശക്തികളും തടസങ്ങളും നാം അഭിമുഖീകരിക്കുന്നുണ്ട്. എന്നിരുന്നാലും തോറ്റ് പിന്മാറില്ലെന്നും ഇന്ത്യയുടെ വൈവിധ്യം വിഭജിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. അടിമത്തത്തിന്റെ കഠിന കാലത്തെയും തുടര്‍ന്നുള്ള ഏഴ് പതിറ്റാണ്ട് കാലത്തെയും വെല്ലുവിളികള്‍ നമുക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുന്നോട്ടുള്ള വഴിയില്‍ തടസം നില്‍ക്കാന്‍ നിരവധി ശക്തികളുണ്ട്. തെറ്റിദ്ധരിപ്പിക്കാനും തമ്മിലടിപ്പിക്കാനും ശ്രമിക്കുന്ന ശക്തികളെ ഇല്ലായ്മ ചെയ്ത് മുന്നേറാനുള്ള കരുത്ത് നമുക്ക് ഉണ്ടാകണം. സൗരാഷ്ട്ര തമിഴ് സംഗമത്തിന്റെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഗുജറാത്തും തമിഴ്നാടും പങ്കിട്ട സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും ആഘോഷമാക്കുന്ന സംഗമാണ് സൗരാഷ്ട്ര തമിഴ് സംഗമം. ഏക ഭാരതം, ശ്രേഷ്ഠ ഭാരതം എന്ന ദര്‍ശനത്തിന്റെ മൂര്‍ത്തീഭാവമാണ് സംഗമമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം രാഷ്ട്രനിര്‍മ്മാണത്തിന്റെ ചാലകശക്തിയായിരുന്നുവെന്നും നരേന്ദ്രമോദി വ്യക്തമാക്കി. നാന മേഖലയിലും വൈവിധ്യം ആഘോഷിക്കുന്ന ജനതയാണ് ഇന്ത്യന്‍ ജനത. വ്യത്യസ്ത ഭാഷകളും വ്യത്യസ്ത കലകളും അറിവുകളും നമുക്കുണ്ട്. നമ്മുടെ വിശ്വാസം മുതല്‍ ആത്മീയതയില്‍ വരെ വൈവിധ്യമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.