ന്യൂഡല്‍ഹി: ഡോ.ബി.ആര്‍. അംബേദ്കറുടെ 132-ാം ജന്മദിനത്തില്‍ രാജ്യത്തെ പൗരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. വിജ്ഞാനത്തിന്റെയും പ്രതിഭയുടെയും പ്രതീകമായ അംബേദ്കര്‍ വിദ്യാഭ്യാസ വിദഗ്ദന്‍, നിയമ വിദഗ്ധന്‍, സാമ്പത്തിക വിദഗ്ധന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍, സാമൂഹിക പരിഷ്‌കര്‍ത്താവ് എന്നീ നിലകളില്‍ അക്ഷീണം പ്രവര്‍ത്തിക്കുകയും രാഷ്ട്രക്ഷേമത്തിനായി അറിവ് വര്‍ദ്ധിപ്പിക്കാനായി പരിശ്രമിക്കുകയും ചെയ്തു’ എന്ന് രാഷ്ട്രപതി ട്വീറ്ററില്‍ കുറിച്ചു.
വിദ്യഭ്യാസത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തിന്റെ കാഴ്ച്ചപാടുകള്‍ എടുത്ത് പറയേണ്ടതാണ്. നിരാലംബരായ സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് ശ്രദ്ധേയമാണ്. നിയമവാഴ്ച്ചയിലുള്ള അംബേദ്കറുടെ അചഞ്ചലമായ വിശ്വാസവും സാമൂഹികവും സാമ്പത്തികവുമായ സമത്വത്തോടുള്ള പ്രതിബദ്ധതയും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്താണ്. ‘ഈ അവസരത്തില്‍, ഡോ. അംബേദ്കറുടെ ആദര്‍ശങ്ങളും ജീവിത മൂല്യങ്ങളും സ്വീകരിക്കാനും സമത്വവും സമൃദ്ധവുമായ ഒരു രാഷ്ട്രവും സമൂഹവും സൃഷ്ടിക്കുവാനായി മുന്നോട്ട് പോകുമെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം, രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ഭരണഘടനാ ശില്‍പിയെന്നറിയപ്പെടുന്ന അംബേദ്കര്‍ 1891 ഏപ്രില്‍ 14-നാണ് ജനിച്ചത്. സാമൂഹിക വിവേചനത്തിനെതിരെയും സ്ത്രീകളുടെയും തൊഴിലാളികളുടെയും അവകാശങ്ങളെ പിന്തുണയ്ക്കുകയും ചെയ്ത ഒരു ഇന്ത്യന്‍ നിയമജ്ഞനും സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രീയക്കാരനും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്നു അദ്ദേഹം. 1956-ല്‍ അദ്ദേഹം അന്തരിച്ചു. മരണാനന്തര ബഹുമതിയായി 1990-ല്‍ ഭാരത രത്നം പുരസ്‌കാരം ലഭിച്ചു.