തിരുവനന്തപുരം: വസ്തുനികുതി പരിഷ്‌കരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വലിയ വര്‍ധനവാണ് വരുത്തിയതെന്ന് പറയുന്നതില്‍ അടിസ്ഥാനമില്ലെന്ന് ആവര്‍ത്തിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. യഥാര്‍ഥത്തില്‍ സംസ്ഥാന ധനകാര്യ കമ്മീഷന്‍ നിര്‍ദേശിച്ച 25 ശതമാനം വര്‍ധനവ് സര്‍ക്കാര്‍ അഞ്ചു ശതമാനമായി കുറയ്ക്കുകയാണ് ചെയ്തതെന്നും ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ നിരക്ക് കേരളത്തിലാണെന്നും ധനമന്ത്രി പറഞ്ഞു. വസ്തുനികുതി പുന:പരിശോധനയ്ക്ക് സര്‍ക്കാര്‍ തയ്യാറാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
വസ്തുനികുതി പരിഷ്‌കരണം 2018-ല്‍ നടപ്പാക്കേണ്ടതായിരുന്നു. എന്നാല്‍ 2018-ലും 2019-ലും പ്രളയവും പിന്നീട് കോവിഡ് തീര്‍ത്ത പ്രതിസന്ധിയും മൂലം അത് 2023-ലേക്ക് നീണ്ടു. 2018-ല്‍ തന്നെ 25 ശതമാനം വര്‍ധന നടപ്പാക്കണമെന്ന ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ അഞ്ചുവര്‍ഷം കഴിഞ്ഞ് അഞ്ച് ശതമാനമാക്കി നടപ്പാക്കുമ്പോള്‍ അത് അന്യായമായ വര്‍ധനവാണെന്ന പ്രചരണം തെറ്റിദ്ധാരണാജനകമാണെന്നും മന്ത്രി പറഞ്ഞു.
വര്‍ധിപ്പിച്ച പെര്‍മിറ്റ് ഫീസില്‍ ഒറ്റ പൈസപോലും സര്‍ക്കാരിനുള്ളതല്ല, മുഴുവന്‍ പണവും തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ളതാണ്. നിരക്ക് വര്‍ധിപ്പിച്ചത് സര്‍ക്കാരിന് പണമുണ്ടാക്കാനാണ് എന്ന് പ്രചരിപ്പിക്കുന്നത് വസ്തുതാവിരുദ്ധമാണ്. ഇത് നിര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.