ഓട്ടോറിക്ഷയിലും സീറ്റ് ബെല്‍റ്റ് അവതരിപ്പിച്ച് ഓണ്‍ലൈന്‍ ഓട്ടോ സേവന ദാതാക്കളായ റാപിഡോ. രാജ്യത്താകെ റാപിഡോ നടത്തുന്ന വിപുലമായ സുരക്ഷാ ബോധവല്‍കരണ പദ്ധതിയുടെ ഭാഗമായാണ് സീറ്റ് ബെല്‍റ്റ് സൗകര്യം ഓട്ടോറിക്ഷയിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ യാത്രികരുടേയും സുരക്ഷക്ക് പരമപ്രാധാന്യം നല്‍കുന്നതിനാലാണ് ഇങ്ങനെയൊരു നടപടിയെന്നാണ് റാപിഡോ അറിയിക്കുന്നത്. ബെംഗളൂരുവിലാണ് ഓട്ടോയിലെ സീറ്റ് ബെല്‍റ്റ് പദ്ധതി ആദ്യം അവതരിപ്പിക്കുന്നത്. പിന്നീട് ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കും.
‘ഉത്തരവാദിത്വമുള്ള സേവന ദാതാക്കളെന്ന നിലയില്‍ റോഡ് സുരക്ഷക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു. ഞങ്ങളുടെ ക്യാപ്റ്റന്മാര്‍ക്കു(ഡ്രൈവര്‍മാര്‍)വേണ്ടി ബോധവല്‍ക്കരണ, പരിശീലന പരിപാടികള്‍ നടത്തുകയെന്നത് ആദ്യം മുതലുള്ള ഞങ്ങളുടെ നയമാണ്. ഇന്ത്യയില്‍ റോഡപകടങ്ങള്‍ വര്‍ധിച്ചുവരുകയാണെന്ന് കണക്കുകള്‍ കാണിക്കുന്നുണ്ട്. സീറ്റ്ബെല്‍റ്റ് ഉപയോഗിക്കുന്നതോടെ റാപിഡോ യാത്രികര്‍ക്ക് അപകടങ്ങള്‍ സംഭവിച്ചാല്‍ പോലും ഗുരുതര പരുക്കുകളില്‍ നിന്നു രക്ഷനേടാനാവും’ – റാപിഡോ ഓട്ടോ സഹസ്ഥാപകന്‍ പവന്‍ ഗുണ്ടുപള്ളി മാധ്യമങ്ങളുമായി സംസാരിക്കവേ പറഞ്ഞു.
റാപിഡോ യാത്രികരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഡ്രൈവര്‍മാര്‍ക്ക് നാലു ഘട്ട വെരിഫിക്കേഷന്‍ ഏര്‍പ്പെടുത്തും. വനിതാ യാത്രികരുടെ സുരക്ഷ വര്‍ധിപ്പിക്കാനായി അവരുടെ വിവരങ്ങള്‍ പരമാവധി രഹസ്യമാക്കി വയ്ക്കും. തല്‍സമയം റൈഡ് ട്രാക്ലിങ് സംവിധാനവും തങ്ങളുടെ യാത്രികര്‍ക്കായി ഒരുക്കിയിട്ടുണ്ടെന്നും ഷെയേഡ് റൈഡര്‍മാര്‍ക്കായി 24×7 ഓണ്‍ ഗ്രൗണ്ട് സപ്പോര്‍ട്ടും റാപിഡോ വാഗ്ദാനം ചെയ്യുന്നു.