തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിക്കും കൊച്ചിയിലെ സ്വകാര്യ കമ്പനിയില്‍ നിന്ന് അനധികൃതമായി പണം ലഭിച്ചെന്ന് ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡ്. ഒരു സേവനവും നല്‍കാതെ കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന സ്വകാര്യ കമ്പനിയില്‍ നിന്ന് മാസപ്പടിയായി കൈപ്പറ്റിയത് 1.72 കോടി രൂപയാണ്. ഒരു പ്രമുഖ വ്യക്തിയുമായുള്ള ബന്ധമാണ് കമ്പനി വീണയ്ക്ക് പണം നല്‍കാന്‍ കാരണമെന്നാണ് ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്റെ നിരീക്ഷണം.
കൊച്ചി ആസ്ഥാനമായുള്ള കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ എന്ന കമ്പനിയില്‍ 2019 ജനുവരി 25ന് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയില്‍ പിടിച്ചെടുത്ത രേഖകളില്‍ വീണാ വിജയനുമായുള്ള സാമ്പത്തിക ഇടപാടിന്റെ ഉള്‍പ്പെടെ രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് സേവനം ഒന്നും നല്‍കാതെ വീണയും അവരുടെ സ്ഥാപനവും മാസപ്പടി കൈപ്പറ്റിയതായി തര്‍ക്ക പരിഹാര ബോര്‍ഡ് ശരിവച്ചത്. കണ്‍സല്‍ട്ടന്‍സി ഐടി, സേവനങ്ങള്‍ക്ക് വീണാ വിജയനുമായും വീണയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുമായ എക്‌സാലോജിക്കുമായും സിഎംആര്‍എല്ലിന് കരാര്‍ വെച്ചാണ് പണം കൈപ്പറ്റിയത്.
എന്നാല്‍ ഒരു സേവനവും നല്‍കാതെയാണ് 2017- 20 കാലയളവില്‍ സിഎംആര്‍എല്ലില്‍ നിന്ന് 1.72 കോടി രൂപ വീണയും എക്‌സാലോജിക്കും കൈപ്പറ്റിയെന്നാണ് തര്‍ക്ക പരിഹാര ബോര്‍ഡ് കണ്ടെത്തല്‍. ഇതില്‍ വീണയ്ക്ക് 55 ലക്ഷവും, എക്‌സാലോജിക്കിന് ഒരു കോടി 17 ലക്ഷവും ലഭിച്ചു. ഈ ഇടപാട് നിയമ വിരുദ്ധമാണ് എന്ന ആദായ നികുതി വകുപ്പിന്റെ വാദം അംഗീകരിച്ചു കൊണ്ടാണ് തര്‍ക്ക പരിഹാര ബോര്‍ഡ് തീര്‍പ്പ് കല്‍പ്പിച്ചത്. ഉത്തരവില്‍ പ്രമുഖ വ്യക്തിയുമായുള്ള ബന്ധമാണ് വീണയ്ക്ക് കമ്പനി പണം നല്‍കാന്‍ കാരണമെന്ന് പരാമര്‍ശവുമുണ്ട്. പേരെടുത്ത് പറഞ്ഞില്ലെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനെ ബന്ധിപ്പിക്കുന്നതാണ് നിരീക്ഷണമെന്ന് വ്യക്തമാണ്.
നികുതി വെട്ടിപ്പില്‍ നടപടി ഒഴിവാക്കുന്നതില്‍ തര്‍ക്ക പരിഹാര ബോര്‍ഡിന്റെ തീര്‍പ്പ് അന്തിമാണ്. ഇതില്‍ അപ്പീല്‍ നല്‍കാന്‍ സിഎംആര്‍എല്ലിന് സാധിക്കില്ല. സ്വര്‍ണക്കടത്ത് കേസിന്റെ കാലത്ത് മുഖ്യമന്ത്രി കുടുംബത്തിനെതിരെ ആരോപണങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വന്നിരിക്കുന്നത് ആരോപണമല്ല ആദായനികുതി വകുപ്പിന്റെ അന്തിമ തീര്‍പ്പാണ്.ഈ സാഹചര്യത്തില്‍ മകളും കമ്പനിയും സേവനം നല്‍കാതെ പണം കൈപ്പറ്റിയതിനെ മുഖ്യമന്ത്രി എങ്ങനെ പ്രതിരോധിക്കും എന്നാണ് ഇനി അറിയാനുളളത്.