തൃശൂര്‍: റോഡ് ക്യാമറ പദ്ധതിക്കു കരാര്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടോ എന്നു പഠിക്കുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടണമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു മാസത്തോളമായിട്ടും എന്തുകൊണ്ടാണ് റിപ്പോര്‍ട്ട് പുറത്തുവിടാത്തതെന്നു വളരെ വ്യക്തമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്റെ ഭാര്യപിതാവിനെതിരെ റിപ്പോര്‍ട്ട് നല്‍കാന്‍ ഒരു ഗവണ്‍മെന്റ് സെക്രട്ടറിക്കും ആകില്ലെന്നു ചെന്നിത്തല പറഞ്ഞു. തൃശൂര്‍ ഡിസിസി ഓഫിസില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു ചെന്നിത്തല.
”കര്‍ണാടകയില്‍ 40% കമ്മിഷനെങ്കില്‍ കേരളത്തില്‍ 80 ശതമാനമാണ്. 100 കോടി രൂപയില്‍ താഴെ വരുന്ന പദ്ധതി 232 കോടി രൂപയായി ഉയര്‍ത്തിയത് പ്രസാഡിയോ കമ്പനിയുടെ ഫണ്ടിലേക്കു പാവങ്ങളുടെ കയ്യില്‍നിന്നു പിരിച്ച പിഴ എത്താന്‍ വേണ്ടിയാണ്. ഇതാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ സര്‍ക്കാരിനു നഷ്ടമില്ലെന്നു പറയുന്നത്.
സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും അഹങ്കാരം കൂടി. തോന്നിയത് ചെയ്യും ആരാണ് ചോദിക്കാനെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ജനങ്ങളുടെ പ്രതിഷേധം ഭയന്നാണ് റോഡ് ക്യാമറ വഴി പിഴ ഈടാക്കുന്ന നടപടി നീട്ടിവയ്ക്കുന്നത്. എസ്ആര്‍ഐടിയുടെ വക്കീല്‍ നോട്ടിസിനു മറുപടി നല്‍കും. അപകീര്‍ത്തികരമായി ഞാന്‍ എന്താണ് പറഞ്ഞതെന്ന് നോട്ടിസിലില്ല” – ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.