ഇംഫാല്‍: കലാപം തുടരുന്ന മണിപ്പൂരില്‍ ഇന്നും സംഘര്‍ഷം. പുലര്‍ച്ചെ കാങ്‌പോക്പി ജില്ലയിലാണ് വെടിവെപ്പുണ്ടായത്. അക്രമികള്‍ രണ്ടു ഗ്രാമങ്ങളില്‍ വെടിവെപ്പ് നടത്തിയെന്നാണ് വിവരം. ആര്‍ക്കെങ്കിലും പരിക്കേറ്റതായോ ആളപായം ഉണ്ടായതായോ ഇതുവരെ വിവരം പുറത്ത് വന്നിട്ടില്ല. രാഹുല്‍ ഗാന്ധി ഇന്ന് കലാപം നടക്കുന്ന മേഖല സന്ദര്‍ശിക്കുന്നുണ്ട്. സമാധാന ആഹ്വാനവുമായാണ് പ്രതിപക്ഷത്തെ പ്രധാന നേതാവിന്റെ സന്ദര്‍ശനം.
രണ്ട് ദിവസത്തേക്കാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം. കുകി മേഖലയായ ചുരാ ചന്ദ്പൂരിലെ കലാപബാധിത മേഖലകളിലെ കുടുംബങ്ങളെ രാഹുല്‍ ഗാന്ധി കാണുമെന്ന് അറിയിച്ചിട്ടുണ്ട്. ജനപ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഇതുവരെ സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ച് രംഗത്ത് വന്നിട്ടില്ല. എന്നാല്‍ സുരക്ഷാ പ്രശ്‌നം വലിയ വെല്ലുവിളിയാണ്. ചുരാ ചന്ദ്പൂരിന് പുറമെ ഇംഫാലിലും രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തും.
രാഹുല്‍ സമാധാനത്തിന്റെ മിശിഹയല്ലെന്നും രാഷ്ട്രീയ അവസരവാദിയെന്നും കുറ്റപ്പെടുത്തി ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ രംഗത്തെത്തി. ജനങ്ങളെയോര്‍ത്തല്ല, സ്വാര്‍ത്ഥമായ രാഷ്ട്രീയ അജണ്ടയാണ് രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്നാണ് വിമര്‍ശനം. കോണ്‍ഗ്രസിന്റെ കാലത്ത് സംഘര്‍ഷം ഉണ്ടായപ്പോള്‍ രാഹുല്‍ മണിപ്പൂര്‍ സന്ദര്‍ശിച്ചില്ലെന്നും വിമര്‍ശനമുണ്ട്.
മണിപ്പൂര്‍ കത്തുമ്പോഴും പ്രധാനമന്ത്രി അങ്ങോട്ടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വിമര്‍ശിച്ചു. രാജ്യത്തെ സമാധാനം നശിപ്പിച്ച് തെരഞ്ഞെടുപ്പ് വിജയിക്കാനാണ് ബിജെപി ശ്രമം, ബിജെപിയെ ജനം പാഠം പഠിപ്പിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനം നല്ലതെന്ന് ശിവസേന (ഉദ്ദവ് താക്കറെ) നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂരില്‍ സന്ദര്‍ശിച്ചിട്ട് ഒന്നും നടന്നില്ല, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹ കുറ്റപ്പെടുത്തി. ചൈനയുടെ ഇടപെടല്‍ ഉള്ളതിനാല്‍ മണിപ്പൂരിലെ സ്ഥിതി വഷളാവുകയാണെന്നും അദ്ദേഹം പറഞ്ഞു.