ന്യൂഡല്‍ഹി: കേരളത്തിലേക്കു മടങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി നല്‍കിയ ഹര്‍ജിയില്‍ അനുകൂല ഉത്തരവുമായി സുപ്രീം കോടതി. മഅദനിയുടെ അപേക്ഷ പരിഗണിച്ച് മഅദനിക്ക് കേരളത്തിലേക്കു വരാന്‍ സുപ്രീം കോടതി അനുമതി നല്‍കി. കര്‍ണാടക പൊലീസ് അനുഗമിക്കണം, കേരള പൊലീസ് മറ്റ് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളോടെയാണ് മഅദനിക്ക് കേരളത്തിലേക്കു പോകാന്‍ ജാമ്യവ്യവസ്ഥയില്‍ സുപ്രീം കോടതി ഇളവ് അനുവദിച്ചത്. ഏതാനും ആഴ്ചകളിലേക്കാണ് ഈ ഇളവെന്നാണ് റിപ്പോര്‍ട്ട്.
കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നും ആയുര്‍വേദ ചികില്‍സ അനിവാര്യമാണെന്നുമാണ് മഅദനിയുടെ അപേക്ഷ. കര്‍ണാടക സര്‍ക്കാരിന്റെയും കര്‍ണാടക ഭീകര വിരുദ്ധ സെല്ലിന്റെയും കടുത്ത എതിര്‍പ്പിനെ മറികടന്നാണ് മഅദനിക്ക് കേരളത്തിലേക്കു വരാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. പുതിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ കുറച്ചുനേരം വാദം കേട്ടപ്പോഴേയ്ക്കും ശക്തമായ വിയോജിപ്പാണ് കര്‍ണാടക അറിയിച്ചത്. ഗുരുതരമായ കുറ്റങ്ങളാണ് മഅദനിക്കെതിരെ ഉള്ളതെന്നും അന്തിമ വിചാരണയ്ക്ക് 5 മാസം കൂടിയേ എടുക്കൂ എന്നും കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇത്രയും കാത്തിരുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയ കോടതി ഇതു കൂടി പൂര്‍ത്തിയാക്കിക്കൂടെയെന്നു ചോദിക്കുകയും ചെയ്തു.
പുതിയ സത്യവാങ്മൂലം കൂടി സമര്‍പ്പിക്കാനുണ്ടെന്ന കര്‍ണാടകയുടെ ആവശ്യം പരിഗണിച്ചാണ് കോടതി ഹര്‍ജി ഇന്നത്തേക്കു മാറ്റിയത്. മഅദനി സ്ഥിരം കുറ്റവാളിയാണെന്നും ഇളവ് നല്‍കി കേരളത്തില്‍ പോകാന്‍ അനുവദിക്കരുതെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് കേസുണ്ടെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ളതിനാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും കര്‍ണാടക സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
എന്നാല്‍, വിചാരണ പൂര്‍ത്തിയായതും ജാമ്യവ്യവസ്ഥകള്‍ പാലിച്ചതും മഅദനിക്കു വേണ്ടി ഹാജരായ അഭിഭാഷകരായ കപില്‍ സിബലും ഹാരിസ് ബീരാനും ചൂണ്ടിക്കാട്ടി. ആരോഗ്യനില വഷളായെന്നും ഓര്‍മക്കുറവും കാഴ്ച പ്രശ്‌നങ്ങളുമുണ്ടെന്നുമാണ് അപേക്ഷയിലുള്ളത്. 12 വര്‍ഷം ജയിലിലും 8 വര്‍ഷം ഉപാധികളോടെ ജാമ്യത്തിലും കഴിഞ്ഞതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് വാദങ്ങള്‍ കേട്ടശേഷം മഅദനിക്ക് കേരളത്തിലേക്കു വരാന്‍ അനുമതി നല്‍കുകയായിരുന്നു.