പല്ലിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് മിക്കവരും പരാതിപ്പെടുന്നൊരു പ്രശ്‌നമാണ് പല്ല് പുളിപ്പ്. അധികവും മധുരമുള്ളതോ തണുപ്പുള്ളതോ ആയ ഭക്ഷണപാനീയങ്ങള്‍ കഴിക്കുമ്പോഴാണ് പല്ല് പുളിപ്പ് കാര്യമായ രീതിയില്‍ അനുഭവപ്പെടുക. നല്ലതുപോലെ ചൂടുള്ള ഭക്ഷണപാനീയങ്ങളും പല്ല് പുളിപ്പിന് കാരണമായി വരാറുണ്ട്. പല്ല് പുളിപ്പ് തീര്‍ച്ചയായും ഏറെ അസ്വസ്ഥതയുണ്ടാക്കുന്നൊരു പ്രശ്‌നം തന്നെയാണ്.
പല്ല് ബ്രഷ് ചെയ്യുമ്പോള്‍ അധികം ശക്തി കൊടുക്കുന്നത് ക്രമേണ പല്ലിന്റെ ഇനാമലിന് കേടുണ്ടാക്കും. ഇതാണ് പല്ല് പുളിപ്പിലേക്ക് നയിക്കുന്ന ഒരു പ്രധാന കാരണം. മോണ സംബന്ധമായ പ്രശ്‌നങ്ങള്‍, പല്ല് കടിക്കുന്ന പ്രശ്‌നം, പല്ലില്‍ എന്തെങ്കിലും തരത്തിലുള്ള ചികിത്സ ചെയ്യുന്നത് എല്ലാം പിന്നീട് പല്ല് പുളിപ്പിലേക്ക് നയിക്കാറുണ്ട്. അതുപോലെ പല്ലില്‍ പോടുള്ളവരിലും പല്ല് പുളിപ്പ് പിടിപെടാം.
പല്ല് പുളിപ്പ് ഏറെ അസ്വസ്ഥപ്പെടുത്തുന്ന പ്രശ്‌നം തന്നെയെന്ന് പറഞ്ഞുവല്ലോ. എന്നാല്‍ എന്താണ് ഇതില്‍ നിന്ന് രക്ഷ നേടാനൊരു മാര്‍ഗം? ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ വലിയൊരു അളവ് വരെ പല്ലുപുളിപ്പ് നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കും. അവയെ കുറിച്ചാണിനി സൂചിപ്പിക്കുന്നത്.
ബ്രഷിംഗും ഫ്‌ളോസിംഗും
ദിവസവും രണ്ട് നേരം ബ്രഷ് ചെയ്യുന്നത് നിര്‍ബന്ധമാക്കുക. അതുപോലെ ഫ്‌ളോസിംഗും പതിവായി ചെയ്യുക. ടൂത്ത്‌പേസ്റ്റ് തെരഞ്ഞെടുക്കുമ്പോള്‍ ഫ്‌ളൂറൈഡ് ടൂത്ത്‌പേസ്റ്റ് തെരഞ്ഞെടുക്കുക. സോഫ്റ്റ് ആയ ബ്രഷാണ് ഉപയോഗിക്കേണ്ടത്. ഇത്തരത്തില്‍ ശുചിത്വം പാലിക്കാനായാല്‍ അത് പല്ലില്‍ പോട് വരുന്നതും, മോണരോഗവുമെല്ലാം ചെറുക്കും. ഇത് പല്ല് പുളിപ്പ് സാധ്യതയും കുറയ്ക്കും.
‘ഡീസെന്‍സിറ്റൈസിംഗ് ടൂത്ത്‌പേസ്റ്റ്’…
ടൂത്ത്‌പേസ്റ്റ് തെരഞ്ഞെടുക്കുമ്പോള്‍ ‘ഡീസെന്‍സിറ്റൈസിംഗ് ടൂത്ത്‌പേസ്റ്റ്’ തെരഞ്ഞെടുക്കുന്നതും പല്ല് പുളിപ്പില്‍ നിന്ന് ആശ്വാസം നല്‍കും. ഇക്കാര്യം ഡെന്റിസ്റ്റിനോട് ചോദിച്ച ശേഷം ചെയ്യാവുന്നതാണ്.
ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത്
നമ്മുടെ ഭക്ഷണരീതിയും ഇതില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. കഴിയുന്നതും അസിഡിക് ആയ ഭക്ഷണ-പാനീയങ്ങള്‍ ഒഴിവാക്കുന്നതാണ് പല്ല് പുളിപ്പ് അകറ്റാന്‍ ചെയ്യേണ്ടത്. കുപ്പികളില്‍ വരുന്ന കാര്‍ബണേറ്റഡ് ഡ്രിംഗ്‌സ് ഇതിനുദാഹരണമാണ്.
മൗത്ത്ഗാര്‍ഡ്
ഉറക്കത്തില്‍ പല്ല് കടിക്കുന്ന സ്വഭാവമുള്ളവരില്‍ പല്ലിന്റെ ഇനാമലിന് കേട് പറ്റാന്‍ സാധ്യത കൂടുതലാണ്. ഇത്തരക്കാരിലും പല്ല് പുളിപ്പ് കാര്യമായി കാണും. ഉറങ്ങുമ്പോള്‍ പല്ല് കടിക്കാതിരിക്കാന്‍ മൗത്ത്ഗാര്‍ഡ് ഉപയോഗിക്കുന്നതാണ് ഇതിനൊരു പരിഹാരം.
ചെക്കപ്പ് പതിവാക്കുക
കൃത്യമായ ഇടവേളകളില്‍ പല്ലിന്റെ ആരോഗ്യം പരിശോധനയിലൂടെ ഉറപ്പുവരുത്തുന്നത് പല്ലിന് സംഭവിക്കുന്ന കേടുപാടുകള്‍ നേരത്തെ മനസിലാക്കുന്നതിന് സഹായിക്കും. ഇതും പല്ല് പുളിപ്പ് നേരത്തെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നതിന് സഹായകമാകുന്നു.
മധുരം കുറയ്ക്കാം
മധുരം കൂടുതലായി കഴിക്കുന്നത് പല്ലിന് കേടുപാട് സംഭവിക്കുന്നതിന് കാരണമാകാറുണ്ട്. ഇതും പല്ല് പുളിപ്പിലേക്ക് നയിക്കാം. അതിനാല്‍ മധുരം നിയന്ത്രണവിധേയമായി മാത്രം കഴിക്കാം. മധുരമുള്ള ഭക്ഷണങ്ങള്‍ മാത്രമല്ല പാനീയങ്ങളും കുറയ്ക്കുന്നതാണ് നല്ലത്.
മൗത്ത്‌വാഷ്
ഫ്‌ളൂറൈഡ് മൗത്ത്‌വാഷ് ഉപയോഗിക്കുന്നതും പല്ല് പുളിപ്പിനെ പ്രതിരോധിക്കും. കാരണം ഫ്‌ളൂറൈഡ് മൗത്ത്‌വാഷ് പല്ലിന്റെ ഇനാമലിനെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു.