അഹമ്മദാബാദ്: ബിപോര്‍ജോയ് ചുഴലിക്കാറ്റ് തീരത്തേക്ക് അടുക്കുമ്പോള്‍ ജാഗ്രതയില്‍ ഗുജറാത്ത്. നിലവില്‍ വടക്കു കിഴക്കന്‍ അറബിക്കടലിനു മുകളില്‍ അതിതീവ്ര ചുഴലിക്കാറ്റായി സ്ഥിതിചെയ്യുന്ന ബിപോര്‍ജോയ്, വടക്ക് – വടക്കുകിഴക്ക് ദിശയില്‍ സൗരാഷ്ട്ര-കച്ച് അതിനോട് ചേര്‍ന്നുള്ള പാക്കിസ്ഥാന്‍ തീരത്ത് മാണ്ഡ്വിക്കും (ഗുജറാത്ത്) കറാച്ചിക്കും ഇടയില്‍ ജാഖു പോര്‍ട്ടിനു സമീപം നാളെ വൈകിട്ടോടെ മണിക്കൂറില്‍ പരമാവധി 150 കിലോമീറ്റര്‍ വേഗതയില്‍ അതിതീവ്ര ചുഴലിക്കാറ്റായി കരയില്‍ പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇതേത്തുടര്‍ന്ന് ഗുജറാത്തിലെ തീരപ്രദേശങ്ങളില്‍ നിന്ന് 44,000 പേരെ താല്‍ക്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചു. സൗരാഷ്ട്രയിലും കച്ചിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് ടീമുകള്‍ സജ്ജമാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ സൈന്യവും തയാറാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായും മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും നടത്തിയ വെര്‍ച്വല്‍ യോഗത്തില്‍ തയാറെടുപ്പുകള്‍ അവലോകനം ചെയ്തിരുന്നു. ചുഴലിക്കാറ്റ് ബാധിച്ചേക്കാവുന്ന പ്രദേശങ്ങളില്‍നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റാന്‍ ക്രമീകരണങ്ങള്‍ ചെയ്യണമെന്നും എല്ലാ അവശ്യ സേവനങ്ങളും ലഭ്യമാണെന്ന് ഉറപ്പാക്കാനും അമിത് ഷാ ആവശ്യപ്പെട്ടു.